ADVERTISEMENT

കൊച്ചി ∙ എറണാകുളം നഗരത്തിൽ രവിപുരത്ത് വീസ തട്ടിപ്പിന് ഇരയായി യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് സ്ഥാപനം ഉടമ ആലുവ സ്വദേശി മുഹമ്മദ് അലിയെ. കോവിഡിനു തൊട്ടു മുൻപ് 2019ൽ പള്ളുരുത്തി സ്വദേശി ജോളിക്ക് ലിത്വാനിയയിലേക്കു വർക്ക് വീസ നൽകാമെന്ന് മുഹമ്മദ് അലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും ചോദിക്കുമ്പോഴെല്ലാം പണം നൽകാതെ മുങ്ങി നടന്നെന്നുമാണ് ഇയാളുടെ മൊഴി. ഇന്ന് ജോളി ഇവരുടെ ഓഫിസിൽ എത്തിയപ്പോൾ റെയ്സ് ട്രാവൽസ് ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചു. ഇതോടെ ജോളി ഇവരെ കത്തി ഉപയോഗിച്ചു കഴുത്തിനു കുത്തുകയായിരുന്നു. 

കഴുത്തിനു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ സ്വദേശിനിയായ സൂര്യ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി നിർദേശിച്ച പ്രകാരം സമീപത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഐസിയുവിൽ ചികിത്സയിലുള്ള യുവതിക്ക് ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. 

ജീവനക്കാരിക്കു കുത്തേൽക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ട്രാവൽസ് ഉടമ മുഹമ്മദ് അലി, തൊട്ടുപിന്നാലെ വാഹനം എടുക്കാതെ അവിടെനിന്നു മുങ്ങിയെന്ന് സമീപത്തെ കടകളിലുള്ളവർ പറയുന്നു. സ്വന്തം കാർ പോലും എടുക്കാതെ സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നത്രെ. അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി മൊഴി നൽകിയിട്ടുണ്ട്. 

∙ അന്വേഷിച്ചത് വടിവാൾ, കിട്ടിയത് കത്തി

വീസ നൽകാമെന്നു വാഗ്ദാനം നൽകി പണം തട്ടിയെടുത്ത റെയ്സ് ട്രാവൽസ് ഉടമയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെന്നാണ് ജോളി വെളിപ്പെടുത്തിയത്. യുവതിയെ കുത്തുമ്പോൾ സ്ഥാപന ഉടമ എത്തുമെന്നും അപ്പോൾ അയാളെയും ആക്രമിക്കാമെന്നുമാണ് പ്രതീക്ഷിച്ചത്. യുവതിയെ കുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ അവിടെത്തന്നെ തുടർന്നത് ഉടമ എത്തുന്നതിനു വേണ്ടിയാണെന്നും ജോളി മൊഴി നൽകി.

കുത്തേറ്റതിനു പിന്നാലെ യുവതി സ്ഥാപനത്തിന്റെ നേരെ എതിർഭാഗത്തുള്ള ഹോട്ടലിലേക്കാണ് ചോരയൊലിക്കുന്ന മുറിവുമായി ഓടിക്കയറിയത്. വിവരമറിഞ്ഞ് ഹോട്ടൽ ജീവനക്കാർ ചെല്ലുമ്പോൾ പ്രതി സ്ഥലത്തു തന്നെയുണ്ടായിരുന്നു. എന്തിനാണ് ഇതു ചെയ്തത് എന്ന ചോദ്യത്തിന്, തന്റെ പണം തട്ടിയെടുത്തതിനാണെന്നും ഉടമയെയാണ് ലക്ഷ്യമിട്ടതെന്നും ജോളി മറുപടി നൽകി.

അതേസമയം, സ്ഥാപന ഉടമയെ കൊലപ്പെടുത്താനായി വടിവാൾ സംഘടിപ്പിക്കാൻ നോക്കിയെങ്കിലും ലഭിച്ചില്ലെന്നും കിട്ടിയതു കത്തിയായതിനാലാണ് ഇതുമായി വന്നതെന്നുമായിരുന്നു ജോളി പറഞ്ഞത്. 

∙ വാങ്ങിയത് 34,400 രൂപ; മാനസിക രോഗമെന്ന് ഉടമ

ലിത്വാനിയയിലേയ്ക്കു വർക്ക് വീസ നൽകുന്നതിനായി ജോളിയിൽനിന്ന് വാങ്ങിയത് വെറും 34,400 രൂപയാണെന്നും ഇതു തിരികെ നൽകിയെന്നും റെയ്സ് ട്രാവൽ ബ്യൂറോ ഉടമ മുഹമ്മദ് അലി പറയുന്നു. ജോളിക്ക് ഒരു വർഷത്തേയ്ക്കുള്ള വീസ ശരിയായെങ്കിലും കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ പോകാൻ സാധിച്ചില്ല. ഒരു വർഷം പിന്നിട്ടതോടെ വീസ കാലാവധി അവസാനിച്ചു. പിന്നീട് ഇയാൾ വീസ വേണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞ് പണം തിരികെ വാങ്ങി. എന്നാൽ ഇയാൾക്കൊപ്പം അപേക്ഷിച്ചവർ വീസയ്ക്കായി ബെംഗളൂരുവിൽ പോയെങ്കിലും അപേക്ഷ തള്ളപ്പെട്ടു. 

ഇതിനിടെ ഇയാൾ പല പ്രാവശ്യം ജോലി ഒഴിവുണ്ടോ എന്നു ചോദിച്ചു വരാറുണ്ടായിരുന്നു. ഇന്നു വന്നപ്പോഴും താൻ സ്ഥലത്തില്ല, അൽപ സമയത്തിനകം എത്തുമെന്ന് അറിയിച്ചു. ഈ സമയത്താണ് യുവതിക്കു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 16 വർഷമായി ഈ സ്ഥാപനം നടത്തുകയാണ്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ജോളിക്ക് മാനസിക രോഗമാണ്. ഇക്കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദ് അലി മനോരമ ഓൺലൈനോടു പറഞ്ഞു.

English Summary: Attack Against Woman In Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com