ന്യൂഡൽഹി∙ ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയത്തിനെതിരെ പുതിയ ആരോപണമുയര്‍ത്തി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാരാക്കാന്‍ കൊളീജിയം നിര്‍ദേശിക്കുന്നവരെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതി പുറത്തുവിടുന്നതു ഗുരുതര വിഷയമാണെന്നു റിജിജു പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നിര്‍ദേശിച്ച അഞ്ച് അഭിഭാഷകരുടെ പേരുകള്‍ ഐബി, റോ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു.
Read also: ജോളി തേടിയത് അലിയെ, ഇരയായത് സൂര്യ; വടിവാള്‍ അന്വേഷിച്ചെങ്കിലും കിട്ടിയത് കത്തി
ഇവരെ ജഡ്ജിമാരാക്കണമെന്നു വീണ്ടും ആവശ്യപ്പെട്ട രേഖയിലാണു കേന്ദ്രം ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ കൊളീജിയം പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നതാണു നടപടിയെന്നു കേന്ദ്രമന്ത്രി ആരോപിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് പ്രതികരിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.
Read also: മോദിയുടെ മുന്നറിയിപ്പ്: ഗുജറാത്തിലും ‘പഠാൻ’ റിലീസ്; മയപ്പെട്ട് ബജ്‌റംഗ് ദളും വിഎച്ച്പിയും
മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ ജോണ്‍ സത്യന്‍, ബോംബെ ഹൈക്കോടതിയിലെ സോമശേഖരന്‍ സുന്ദരേശന്‍, ഡല്‍ഹി ഹൈക്കോടതിയിലെ സൗരഭ് കൃപാല്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ അമിതേഷ് ബാനര്‍ജി, സാഖ്യ സെന്‍ എന്നിവരെ ജഡ്ജിമാരാക്കണമെന്ന നിര്‍ദേശമാണു നിയമമന്ത്രാലയം മടക്കിയത്. ഇതില്‍ ജോണ്‍ സത്യനെതിരെ ഐബി റിപ്പോര്‍ട്ടും സൗരഭ് കൃപാലിനെതിരെ റോ റിപ്പോര്‍ട്ടുമാണു നിലപാട് ന്യായീകരിക്കാന്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയത്.
അഡ്വ.ആര്‍. ജോണ്‍ സത്യനെതിരെ ഐബിയുടെ ആരോപണങ്ങള്‍:
1. വാര്‍ത്താ പോര്‍ട്ടലായ ‘ദ് ക്വിന്റി’ല്‍ വന്ന, പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവച്ചു.
2. നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് അനിത എന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു കാരണം ‘രാഷ്ട്രീയവഞ്ചന’ ആണെന്ന് ആരോപിക്കുന്ന പോസ്റ്റ് പങ്കുവച്ചു.
കൊളീജിയത്തിന്റെ മറുപടി : ലേഖനമോ പോസ്റ്റോ പങ്കുവയ്ക്കുന്നത് വിശ്വാസ്യതയെയോ വ്യക്തിത്വത്തെയോ യോഗ്യതയെയോ കളങ്കപ്പെടുത്തുന്നതല്ല. ജോണ്‍ സത്യനു പ്രകടമായ രാഷ്ട്രീയ ചായ്‍വുകള്‍ ഇല്ലെന്ന് ഐബി റിപ്പോര്‍ട്ടില്‍ത്തന്നെ പരാമര്‍ശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും നിര്‍ദേശിക്കുന്നു.
Read also: കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത് യുവാവ്; വീസയുമായി ബന്ധപ്പെട്ട തര്‍ക്കം
അഡ്വ. സൗരഭ് കൃപാലിനെതിരെ ‘റോ’യുടെ ആരോപണങ്ങള്‍:
1. ജീവിതപങ്കാളി സ്വിറ്റ്സര്‍ലന്റ് പൗരനാണ്.
2. സ്വവര്‍ഗാനുരാഗിയാണെന്ന് (Gay) പരസ്യമായി പ്രസ്താവിച്ചിട്ടുള്ളയാളാണ്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന ഇടപെടലുകള്‍ ജഡ്ജിയെന്ന നിലയിലുള്ള തീരുമാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെങ്കിലും സ്വവര്‍ഗവിവാഹം ഇപ്പോഴും നിയമപരമാക്കിയിട്ടില്ലെന്ന് 2021 ഏപ്രില്‍ ഒന്നിന് നിയമമന്ത്രി കൊളീജിയത്തിന് അയച്ച കത്തില്‍ പറയുന്നു.
കൊളീജിയത്തിന്റെ മറുപടി : ജീവിതപങ്കാളി വിദേശപൗരനാണെന്നത് ജഡ്ജിയാകുന്നതിനു തടസമല്ല. നിയമവിരുദ്ധമോ രാജ്യവിരുദ്ധമോ ആയ എന്തെങ്കിലും ഇടപെടല്‍ സൗരഭ് കൃപാലിന്റെ ജീവിതപങ്കാളി നടത്തിയതായി റിപ്പോര്‍ട്ടില്‍ ഇല്ല. സ്വന്തം ലൈംഗികത വെളിപ്പെടുത്താന്‍ തയാറായതിനു സൗരഭ് കൃപാലിനെ അഭിനന്ദിക്കുകയാണു വേണ്ടത്. അത്തരമൊരു കാര്യത്തിന്റെ പേരില്‍ വിവേചനം കാട്ടുന്നതു ഭരണഘടനാവിരുദ്ധമാണ്. ലൈംഗിക ന്യൂനപക്ഷങ്ങളില്‍പ്പെട്ടയാള്‍ ജഡ്ജിയാകുന്നതു നീതിന്യായ വ്യവസ്ഥയുടെ വൈവിധ്യം വര്‍ധിപ്പിക്കും.
മറ്റു മൂന്ന് അഭിഭാഷകരുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയുടെ ഭാഗങ്ങള്‍ പരസ്യപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കിയത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും കൊളീജിയവും തമ്മില്‍ തുടരുന്ന പരസ്യമായ ഏറ്റുമുട്ടലിനിടെയാണ് കിരണ്‍ റിജിജുവിന്റെ പുതിയ ആരോപണം.
English Summary: 'Matter of grave concern': Kiren Rijiju on SC making public IB, RAW 'secret' reports