ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് ഏറെ നാളായി പാർട്ടിയിലുണ്ടായിരുന്നു; പാർട്ടി നേതൃത്വത്തിൽ പലരോടും അനിലും വിയോജിപ്പിലായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിയോജിപ്പുകളെ മറനീക്കി. ഡോക്യുമെന്ററി വിഷയത്തിൽ കോൺഗ്രസ് നയത്തിനു വിരുദ്ധമായ നിലപാടെടുത്ത അനിലിനെ പിന്തുണച്ച് ആരും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. ഏറ്റവും അടുപ്പം പുലർത്തുന്ന തരൂരിന്റെ പിന്തുണയും അനിലിനു ലഭിച്ചില്ല. ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണു രാജി.

സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ശശി തരൂർ വിവിധ നിർദേശങ്ങൾ പാർട്ടിക്കു സമർപ്പിച്ചിരുന്നു. പിന്നാലെയാണ് എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് അനിൽ ആന്റണി എത്തുന്നത്. വിവിധ സ്ഥാപനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിച്ച അനുഭവ സമ്പത്തായിരുന്നു കരുത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറെന്ന നിലയിൽ ഡിജിറ്റല്‍ പ്രചാരണത്തിനു മേൽനോട്ടം വഹിച്ചു.

Read also: ‘കിഴക്കൻ ലഡാക്കിലെ 26 പട്രോള്‍ പോയിന്റുകളിലെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു’

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അനിലിന്റെ പ്രവർത്തനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നു. കോൺഗ്രസ് സൈബർ ടീമെന്ന പേജായിരുന്നു വിമർശനത്തിൽ മുന്നിൽ. പേജിന് ഔദ്യോഗിക അംഗീകാരം നൽകാത്തതിന്റെ പേരിലാണു വിമർശനമെന്നായിരുന്നു അനിലിന്റെ മറുപടി.

Read also: ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ജയിലിലെത്തി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പ്രവർത്തനങ്ങളിൽനിന്ന് അനിൽ പിൻവാങ്ങി തുടങ്ങി. നേതാക്കളിൽനിന്നു പിന്തുണ കിട്ടാത്തതാണു കാരണമെന്ന് അടുപ്പമുള്ളവർ പറയുന്നു. അനിൽ, തരൂർ ഒഴികെയുള്ള നേതൃനിരയോട് അകലം പാലിച്ചെന്നും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തില്ലെന്നുമാണു മറുവാദം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലെത്തുമ്പോൾ അതിനു സൈബർ മേഖലയിൽ ആവശ്യമായ പിന്തുണ അനിലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു വിമർശകർ പറയുന്നു. അനിലിന്റെ സമൂഹമാധ്യമത്തിലെ പേജുകളിലും യാത്രയുമായി ബന്ധപ്പെട്ട പരാമർശമുണ്ടായില്ല.

Read also: മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം വേണം; 10 മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടിയുമായി ബിജെപി

മോദിക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുത്ത് ഡോക്യുമെന്ററി പ്രദർശനവുമായി മുന്നോട്ടു പോകുമ്പോൾ, മോദിക്ക് അനുകൂല പരാമർശമുണ്ടായതിനെ നേതൃത്വം ഒറ്റക്കെട്ടായി തള്ളി. മുതിർന്ന നേതാവായ എ.കെ. ആന്റണിയുടെ മകനെന്ന പരിഗണനയും ലഭിച്ചില്ല. ട്വീറ്റ് പിൻവലിക്കാൻ നേതാക്കൾ ആവശ്യപ്പെട്ടിട്ടും അനിൽ വഴങ്ങിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിലും താൽപര്യത്തിലും രാഷ്ട്രീയം കളിക്കരുതെന്ന നിലപാടിൽ ഉറച്ചു നിന്നു. പാർട്ടിയുടെ താൽപര്യം ഹനിച്ചെന്ന വിമർശനം വ്യാപകമായതോടെ രാജി അനിവാര്യമായി. തനിക്കെതിരായ പ്രചാരണങ്ങൾക്കു പിന്നിൽ ചില കോൺഗ്രസുകാർ തന്നെയാണെന്നും ഉചിതമായ സാഹചര്യത്തിൽ അതു വെളിപ്പെടുത്തുമെന്നും അനിൽ പ്രഖ്യാപിച്ചത് വിവാദങ്ങൾ തുടരുമെന്ന സൂചന നൽകുന്നു.

English Summary: Nobody support Anil Antony on BBC documentary remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com