തിരുവനന്തപുരം ∙ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തു വരുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ദേശസുരക്ഷയെയും ബാധിക്കില്ലെന്നും അത്തരം നിലപാട് അപക്വമാണെന്നും ശശി തരൂർ എംപി. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ഡോക്യുമെന്ററി നിരോധിച്ചില്ലായിരുന്നെങ്കിൽ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നു തരൂർ പറഞ്ഞു. മാധ്യമങ്ങൾക്കു പറയാൻ അവകാശമുള്ളതുപോലെ ജനങ്ങൾക്കു കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. ജനങ്ങൾക്ക് ഇഷ്ടമുള്ളത് കാണാൻ അനുവദിക്കാത്തത് ജനാധിപത്യത്തിനു വിരുദ്ധമാണ്. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്യമുണ്ട്. അത് ജനങ്ങൾക്കു ഭരണഘടന കൊടുക്കുന്ന സ്വാതന്ത്ര്യമാണ്. എന്നാൽ, പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ വിദേശ സ്ഥാപനം പറയുമ്പോൾ വേറെ രീതിയിലും കാണുന്നവരുണ്ട്.
Read more: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ
ഗുജറാത്തിലെ കലാപ വിഷയത്തിൽ സുപ്രീംകോടതി വിധി നേരത്തേ വന്നതാണ്. വിധിയിൽ പലർക്കും അസന്തുഷ്ടിയുണ്ടാകും. പക്ഷേ, വിധി വന്നശേഷം മറ്റൊരു രീതിയിൽ ചർച്ച ചെയ്തിട്ടു കാര്യമില്ല. രാജ്യത്തിനു മുന്നോട്ടു പോകണം. രാജ്യത്തെ വിവിധ വിഷയങ്ങൾ പരിഹരിക്കണമെങ്കിൽ പണ്ടു നടന്ന കാര്യങ്ങൾ ചർച്ച ചെയ്തിട്ടു കാര്യമില്ല. രാജ്യത്തെ വിവാദങ്ങളിൽ, അത് ഏതു വിഷയമായാലും അഭിപ്രായം പറയാനുള്ള സ്വാതന്ത്യം ജനത്തിനുണ്ട്.
ഡോക്യുമെന്ററി കാണിക്കാൻ പാടില്ല എന്നതിനോട് യോജിപ്പില്ല. സെൻസർഷിപ്പ് ഭരണഘടനയിലില്ല. 2002ൽ കലാപ സമയത്ത് ബ്രിട്ടിഷ് നയതന്ത്രജ്ഞർ റിപ്പോർട്ട് ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ ബിബിസി ഡോക്യുമെന്ററിയാക്കിയത്. ബ്രിട്ടനിൽ കലാപം നടന്ന സമയത്ത് ഇന്ത്യയും നയതന്ത്രജ്ഞരെ അയച്ചിട്ടുണ്ടെന്നും തരൂർ പറഞ്ഞു.
English Summary: Shashi Tharoor MP criticizes Anil Antony's statement