ഉപതിരഞ്ഞെടുപ്പിന് കോൺഗ്രസിന് പിന്തുണ: കമല്‍ഹാസന്റെ ലക്ഷ്യം എംപി സ്ഥാനം?
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണയറിയിച്ച കമൽഹാസൻ ലക്ഷ്യമിടുന്നത് പാർട്ടിയുടെ പിന്തുണയോടെ എംപി സ്ഥാനമെന്ന് റിപ്പോർട്ട്. എന്തുകൊണ്ട് തനിക്കത് ലഭിച്ചുകൂടായെന്ന് ചോദ്യത്തിനു മറുപടിയായി താരം പറയുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ്. ഇളങ്കോവന് കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) ഇന്നലെ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
‘‘ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത്. വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നതു ദേശീയ പ്രാധാന്യമുള്ളതാണ്. ഇളങ്കോവന്റെ വിജയത്തിനായി പരമാവധി ശ്രമിക്കും’’ – കമൽ പറഞ്ഞു. പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ കമൽ ഹാസനും പങ്കുചേർന്നിരുന്നു. ഈ പിന്തുണ 2024ലെ പൊതുതിരഞ്ഞെടുപ്പിന് ഉണ്ടാകുമോ എന്ന ചോദ്യത്തോട്, ഇപ്പോൾ പ്രതികരിക്കുന്നത് വളരെ നേരത്തേയാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
കോൺഗ്രസ് – ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാർഥിയാണ് തമിഴ്നാട് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ ഇളങ്കോവൻ. ഫെബ്രുവരി 27ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്ക് മകൻ സഞ്ജയ് സമ്പത്തിനു വേണ്ടി ചരടുവലിച്ചെങ്കിലും പാർട്ടി നേതൃത്വം ഇളങ്കോവൻ മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. 2004ൽ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായിരുന്നു. 2014–2017 വരെ ടിഎൻസിസി പ്രസിഡന്റായിരുന്നു.
English Summary: "Why Shouldn't It Be Me?": Kamal Haasan On Expecting Ticket From Congress