വീട്ടുമുറ്റത്ത് 2 സ്കൂട്ടറുകൾ കത്തിനശിച്ചു; ദുരൂഹത
Mail This Article
തലയോലപ്പറമ്പ് ∙ വീട്ടുമുറ്റത്ത് 2 സ്കൂട്ടറുകൾ തീപിടിച്ച് കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ വെള്ളൂർ പഞ്ചായത്ത് 14–ാം വാർഡ് പടിഞ്ഞാറേ കാലായിൽ ശെൽവരാജിന്റെ വീട്ടിലാണു സംഭവം. ദുരൂഹത ആരോപിച്ച് ശെൽവരാജ് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലായതായി സൂചനയുണ്ട്.
ശെൽവരാജിന്റെയും മകൻ അഖിൽരാജിന്റെയും സ്കൂട്ടറുകളാണു കത്തിപ്പോയത്. സ്കൂട്ടറിനു സമീപത്തായി ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണു സംഭവം അറിയുന്നത്. ഉടൻതന്നെ കടുത്തുരുത്തി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അവരെത്തിയാണു തീയണച്ചത്.
ആധാരം കത്തിപ്പോയ സങ്കടത്തിൽ ശെൽവരാജ്
വീടിന്റെ ആധാരം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്നതു കത്തിപ്പോയതിന്റെ സങ്കടത്തിലാണു ശെൽവരാജ്. 35 വർഷത്തോളമായി വരിക്കാംകുന്നിൽ ബാർബർ ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം. ബാങ്ക് വായ്പയ്ക്കായി അപേക്ഷിക്കാൻ പോയിട്ട് തിരിച്ചുവന്ന് ആധാരം സ്കൂട്ടറിനുള്ളിൽത്തന്നെ വയ്ക്കുകയായിരുന്നു. വായ്പയുടെ കാര്യത്തിനായി ഇന്നലെ വീണ്ടും ബാങ്കിൽ പോകണമല്ലോ എന്നു കരുതിയാണ് ആധാരം സ്കൂട്ടറിൽത്തന്നെ വച്ചത്.
English Summary: Scooters parked in front of the house were burnt