ADVERTISEMENT

ചെന്നൈ∙ തെന്നിന്ത്യയുടെ നിത്യഹരിത ഗായിക വാണി ജയറാം (77) ഇനി ഓർമ. വാണിയെ ഇന്ന് ചെന്നൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.

തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം. കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി. അച്ഛൻ ദൊരൈസ്വാമി കൊൽക്കത്ത ഇൻഡോ–ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പത്മാവതി പാടുകയും വീണ വായിക്കുകയും ചെയ്യുമായിരുന്നു. ഇക്കണോമിക്സിൽ ബിരുദം നേടിയ വാണിക്ക് എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചു. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേംബർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായ ജയറാമിനെയാണ് വിവാഹം ചെയ്തത്.

പ്രഫഷനൽ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് സംഗീതസ്നേഹിയും സിത്താർ വിദഗ്ധനുമായ ഭർത്താവ് ജയറാം ആയിരുന്നു. 2017ൽ ‘പുലിമുരുകൻ’ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ...’ എന്ന പാട്ടിൽ മലയാളികൾ കേട്ടത് ഏതാണ്ട് അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ ആദ്യമായി പാടിയ ‘സ്വപ്നം’ എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ പിറന്നൊരു കല്യാണ സൗഗന്ധികമാണീ ഭൂമി...’ എന്ന പാട്ടിലെ അതേ സ്വരമാധുരി തന്നെയായിരുന്നു. അതിനും ഏതാനും വർഷങ്ങൾ മുൻപ് ‘ആക്‌ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർ പൂക്കൾ...’, ‘1983’ എന്ന ചിത്രത്തിലെ ‘ഓല‍‌‌ഞ്ഞാലി കുരുവി...’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് അതിശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു വാണി.

‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...’, ‘ആഷാഢമാസം...’, ‘കരുണ ചെയ്യുവാൻ എന്തുതാമസം...’, ‘മഞ്ചാടിക്കുന്നിൽ...’, ‘ഒന്നാനാംകുന്നിന്മേൽ...’, ‘നാടൻ പാട്ടിലെ മൈന...’, ‘ധുംതനധും തനന ചിലങ്കേ...’, ‘മാമലയിലെ പൂമരം പൂത്ത നാൾ...’, ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ...’, ‘ഏതോ ജന്മ കൽപനയിൽ...’, ‘പത്മതീർഥ കരയിൽ...’, ‘കിളിയേ കിളി കിളിയേ...’, ‘എന്റെ കൈയിൽ പൂത്തിരി...’ തുടങ്ങി ചലച്ചിത്രഗാന ആസ്വാദകർ എന്നു ഓർത്തിരിക്കുന്ന നൂറുകണക്കിനു മധുരഗാനങ്ങൾ വാണിയുടെ ശബ്ദം അനശ്വരമാക്കി,

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊത്തെല്ലാം വാണിയുടെ യുഗ്മഗാനങ്ങളുണ്ട്. എം.എസ്.വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച ‘അപൂർവരാഗങ്ങൾ’ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ‘ശങ്കരാഭരണം’, ‘സ്വാതികിരണം’ എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങളാണ് വാണിയെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയാക്കിയത്. ഗുജറാത്ത്, ഒഡിഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും ലഭിച്ചിട്ടുണ്ട്.

Read more at:
ദിവസങ്ങൾക്കു മുൻപും കണ്ടു, അനുഗ്രഹിച്ചു, നെറുകയിൽ ചുംബിച്ചു; ഇത് താങ്ങാനാകുന്നില്ല: കെ.എസ്.ചിത്ര...
പത്മ തിളക്കത്തിലും നിറഞ്ഞു, ഒടുവിൽ പുരസ്കാരം ഏറ്റുവാങ്ങാനാകാതെ മടക്കം...

മലയാളഭാഷ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം മാതൃക: മുഖ്യമന്ത്രി

ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രീയ - ചലച്ചിത്ര സംഗീത രംഗങ്ങളിൽ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.  മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഹമ്മദ്‌ റാഫി മുതൽക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവർ പാടി. വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവർ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന്റെ നഷ്ടമാണ്. വാണി ജയറാമിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശബ്ദം കൊണ്ട് തന്നെ ഏതൊരു മലയാളിയും തിരിച്ചറിയുന്ന ഗായികയാണ് വാണി ജയറാം. അത്രയും ഹൃദയത്തിൽ പതിഞ്ഞതാണ് അവരുടെ ശബ്ദവും പാടിയ പാട്ടുകളും. പൂക്കൾ പനിനീർ പൂക്കൾ എന്ന പാട്ട് മലയാളികൾ ഏറ്റെടുത്തത് വാണി ജയറാം എന്ന തങ്ങളുടെ ഇഷ്ട ഗായികയുടെ ശക്തമായ തിരിച്ചുവരവ് കൊണ്ടുകൂടിയാകണം. നേടിയ പുരസ്കാരങ്ങളും ഒരിക്കലും മൺമറയാത്ത ഗാനങ്ങളും സ്വരമാധുരിയും ആ ഗായികയെ അനശ്വരയാക്കും. പകരം വയ്ക്കാനില്ലാത്ത ആ ശബ്ദത്തിന് വിട. പ്രിയഗായികയുടെ വിയോഗദുഃഖത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹൃദയർക്കുമൊപ്പം പങ്കുചേരുന്നു.

ഏഴു സ്വരങ്ങളിൽ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം. എന്നും യുവത്വത്തിന്റെ ഊർജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി. 19 ഭാഷകളിൽ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങൾ. തലമുറകളെ കീഴടക്കി പൂർണതയിൽ എത്തിയ കലാസപര്യ. വാണി ജയറാമിന്റെ മധുര സ്വരം സംഗീതാസ്വാദകർക്ക് മറക്കാനാകില്ല. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, നാടൻ പാട്ടിലെ മൈന, ഏതോ ജന്മ കൽപനയിൽ... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഉൾപ്പെടെ എത്രയെത്ര ഗാനങ്ങൾ. ജന്മ വീഥികളിൽ എന്നും നിങ്ങളുണ്ടാകും. 

പ്രശസ്ത ഗായിക വാണി ജയറാമിന്റെ നിര്യാണവാർത്ത സംഗീതാസ്വാദകരെ സങ്കടത്തിലാഴ്ത്തുന്നതാണ്. ഒരൊറ്റ തവണ കേട്ടാൽ പോലും ആരും ആരാധകരാകുന്ന സ്വര മാധുര്യമായിരുന്നു വാണി ജയറാമിന്റെ പ്രത്യേകത. സീനിയർ ഗായികമാരായ ലതാ മങ്കേഷ്‌കർ, പി സുശീല, എസ്. ജാനകി, ആശാ ബോസ്‌ലെ എന്നിവരെല്ലാം അരങ്ങുവാഴുന്ന കാലത്തും തന്റേതായ ഒരു ഇടം സൃഷ്ടിക്കുവാൻ അവർക്ക് കഴിഞ്ഞു. സൗത്ത് ഇന്ത്യൻ ഭാഷകളിലെല്ലാം തന്നെ അവർ തന്റെ ഗാനങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ചു. ബോളിവുഡിൽ വാണി ജയറാമിനെ പോലെ തരംഗമുണ്ടാക്കിയ മറ്റൊരു സൗത്ത് ഇന്ത്യൻ ഗായിക ഇല്ലെന്ന് തന്നെ പറയാം. ഒരേ സമയം കർണാട്ടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അവർ പ്രാഗൽഭ്യം തെളിയിച്ചു. ഏത് ശ്രുതിയിലും വളരെ ക്ലാരിറ്റിയോടെ പാടാനുള്ള വാണി ജയറാമിന്റെ പാടവം ഒട്ടനവധി സംഗീത സംവിധായകർ എടുത്തു പറഞ്ഞിട്ടുണ്ട്. വാണി ജയറാം ആലപിച്ച ഏതോ ജന്മകല്പനയിൽ എന്ന ഗാനം എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് കൂടിയാണ്. ഇന്ത്യൻ സംഗീതലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ് വാണി ജയറാമിന്റെ വിടവാങ്ങൽ. സിനിമാ സംഗീതത്തിന്റെ സുവർണകാലഘട്ടം സൃഷ്ടിച്ച ഇതിഹാസഗായകരിൽ ഒരു കണ്ണി കൂടെ മുറിഞ്ഞു വീണിരിക്കുന്നു. വാണി ജയറാമിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ കൂടെ ചേരുന്നു. ആദരാഞ്ജലികൾ.

വാണിജയറാമിന് ആദരാഞ്ജലികൾ. അന്യ ഭാഷയിൽ നിന്ന് വന്ന് മലയാളിയുടെ സ്‌നേഹാദരങ്ങൾ ആവോളം ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിൽ പ്രമുഖയാണ് വാണി ജയറാം. 1975 മുതൽ ഒരു ദശകത്തോളം മലയാള സിനിമ ഗാനങ്ങൾ കൈയ്യടക്കി വച്ചത് വാണിയമ്മയും എസ്. ജാനകി അമ്മയുമാണ്. നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തിന് ഗോപിസുന്ദറിന്റെ സംവിധാനത്തിൽ "ഓലഞ്ഞാലിക്കുരുവി...." എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വാണി മലയാളത്തിലേക്ക് മടങ്ങി വന്നത്. പതിനാലോളം ഭാഷകളിലായി എണ്ണായിരത്തിൽപ്പരം പാട്ടുകൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മൂന്നുതവണ  ദേശീയ പുരസ്കാരവും വാണി ജയറാമിനെ തേടിയെത്തി.ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ഗായികയാണ് വിടപറഞ്ഞിരിക്കുന്നത്. വാണി ജയറാം സിനിമയിൽ പാടിത്തുടങ്ങിയിട്ട് 52 വർഷമായി. 1971 ഡിസംബർ 2 ന് " ഗുഡി " എന്ന ഹിന്ദി ചിത്രത്തിൽ ആദ്യമായി മൂന്നു പാട്ടുകൾ പാടിക്കൊണ്ടാണ് സംഗീത വേദിയിൽ വാണി ജയറാം സ്ഥാനം ഉറപ്പിക്കുന്നത്. 1973 ജനുവരി 31ന് 'സ്വപ്നം' എന്ന സിനിമയ്ക്ക് വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് സലിൽ ചൗധരി ഈണമിട്ട 'സൗരയൂഥം വിടർന്നു' എന്ന പാട്ടിലൂടെയാണ് മലയാളത്തിലേക്ക് വന്നത്. തുടർന്ന് മനോഹരമായ ഒരു പിടി പാട്ടുകൾ മലയാളികളുടെ പ്രിയപ്പെട്ട വാണി അമ്മയുടെ മധുര സ്വരത്തിൽ കേട്ടു. ആ സ്വരമാധുരി എന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കും.

ഗായിക പത്മഭൂഷൻ വാണി ജയറാമിന്റെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ്. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അവർ.19 ഭാഷകളിൽ അവരുടെ സംഗീതം രാജ്യം കേട്ടു. 1000ത്തോളം ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കവരാൻ വാണി ജയറാമിന് സാധിച്ചു. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. വാണി ജയറാമിന്റെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.

English Summary: Veteran singer Vani Jayaram passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com