നാലു വർഷം ജീവിച്ച ഡൽഹിയിലെ വീട്; മുഷറഫിന്റെ ഓർമകളിൽ ദരിയാഗഞ്ചിലെ കുടുംബ വസതി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിൽ ജനിച്ച പർവേസ് മുഷറഫ് നാലു വർഷം ജീവിച്ചത് ഓൾഡ് ഡൽഹിയിലുള്ള ദരിയാഗഞ്ചിലെ വീട്ടിലായിരുന്നു. നഹർവാലി ഹവേലിയിൽ പഴയ വീടിന്റെ ചെറിയ ശേഷിപ്പുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ കാലത്ത് മന്ത്രി മന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടിഷ് ഭരണ കാലത്താണ് മുഷറഫിന്റെ മുത്തച്‌ഛൻ വാങ്ങിയത്. 1943 ൽ ജനിച്ച പർവേസ് മുഷറഫ് നാല് വയസുവരെ ദരിയാഗഞ്ചിലെ വീട്ടിൽ കഴിഞ്ഞു. പിന്നീട് ഇന്ത്യ-പാക് വിഭജന കാലത്ത് 1947ൽ മുഷറഫിന്റെ കുടുംബം വസ്ത്ര വ്യാപാരിയായ മദൻ ലാൽ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇപ്പോഴും ഇവിടെ വസിക്കുന്നത്.
2001ൽ പാകിസ്ഥാൻ പ്രസിഡന്റായിരിക്കെ തന്റെ ആദ്യ ഇന്ത്യാ സന്ദർശന വേളയിൽ മുഷറഫ് പഴയ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. തന്റെ അയൽക്കാരോടും സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീട് 2005ൽ മുഷറഫിന്റെ അമ്മ സരിൻ, സഹോദരൻ ജാവേദ്, മുഷറഫിന്റെ മകൻ ബിലാൽ എന്നിവരും പൂർവിക ഭവനം സന്ദർശിച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ട് പലതവണയായി പഴയ കുടുംബവീട് ഭൂരിഭാഗവും പൊളിച്ചു. ഇപ്പോൾ ചെറിയ ചില ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
English Summary: Pervez Musharraf's Delhi connection: His ancestral house in Daryaganj