ആന്ധ്രയുടെ 'തല' മാറ്റാൻ ജഗൻ; അടിപൊട്ടും അമരാവതിയിൽ? വിശാഖപട്ടണത്ത് വിവാദത്തീ
Mail This Article
ആന്ധ്ര പ്രദേശിന്റെ തലസ്ഥാന നഗരത്തെ ചൊല്ലിയുള്ള നിരന്തര തർക്കങ്ങൾക്കും രാഷ്ട്രീയ വെല്ലുവിളികൾക്കും അന്ത്യമാകുമോ? രണ്ടു സർക്കാരുകൾക്കിടയിൽ അനേകം തവണ മാറിമറിഞ്ഞ ‘തലസ്ഥാന പ്രശ്ന’ത്തിന് ഒടുവിൽ അവസാനമാകുന്നു എന്നാണ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം ഇനി മുതൽ തീരദേശ നഗരമായ വിശാഖപട്ടണമായിരിക്കും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കമുള്ള ഭരണസിരാകേന്ദ്രം അടുത്തുതന്നെ വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിശാഖപട്ടണത്ത് മാർച്ചിൽ നടക്കാൻ പോകുന്ന ആഗോള നിക്ഷേപ ഉച്ചകോടിയെക്കുറിച്ചുള്ള പ്രഖ്യാപനം ഡൽഹിയിൽ നടത്തുന്നതിനിടെയാണ് വിശാഖപട്ടണം തലസ്ഥാനമാക്കുന്ന കാര്യവും അദ്ദേഹം അറിയിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സ്വപ്നപദ്ധതിയായിരുന്ന ‘അമരാവതി’ എന്ന പുതിയ തലസ്ഥാന നഗരത്തെ ജഗൻ ചവറ്റുകുട്ടയിലെറിയുന്നു എന്നു ചുരുക്കം. ആന്ധ്ര പ്രദേശ് വിഭജനത്തിന്റെയും തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെയും ഹൈദരാബാദ് നഷ്ടത്തിന്റെയുമെല്ലാം പശ്ചാത്തലമുണ്ട് പുതിയ തലസ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും. ഒട്ടേറെ വിവാദങ്ങൾക്കും ഈ പുതിയ തീരുമാനം തിരി കൊളുത്തും. അമരാവതിയിൽ പുതിയ തലസ്ഥാനത്തിനായി ഭൂമി വിട്ടുകൊടുത്ത കർഷകരുടെ ഭാവി ഇനി എന്തായിരിക്കുമെന്ന ചോദ്യമാണ് ഏറ്റവും ശക്തമായി ഉയരുന്നത്. അമരാവതിയിൽ തലസ്ഥാനത്തിനായി കെട്ടിയുയർത്തിയ കാര്യങ്ങൾ ഇനി എന്തു ചെയ്യും എന്ന ചോദ്യവും ബാക്കി.