ന്യൂഡൽഹി∙ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തില്ലെന്ന് യുഎസ്. ‘‘ഇരുരാജ്യങ്ങളുടെ നയങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും രാജ്യാന്തര നിയമവും മറ്റും നിലനിർത്താനുള്ള പരിശ്രമം ഇന്ത്യയും യുഎസും നടത്തുന്നുണ്ട്. പരമാധികാരത്തെയും പ്രാദേശിക സമന്വയത്തെയും ബഹുമാനിക്കുന്നു’’– യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി കാരെൻ ഡോൺഫ്രൈഡ് പറഞ്ഞു.
റഷ്യ – യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യയുമായി വ്യാപാരം ഇന്ത്യ തുടരുന്നതു രാജ്യത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണെന്നും അക്രമത്തെ അപലപിക്കുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തേ പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളിൽനിന്ന് ശക്തമായ സമ്മർദ്ദമുണ്ടായെങ്കിലും ഇന്ത്യ നിലപാടിൽനിന്ന് പിന്നോട്ടുപോയില്ല.
ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ ലഭിച്ചത് ഇന്ത്യയ്ക്ക് നേട്ടമായി. ഇതോടെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉയർത്തി. 2021നെ അപേക്ഷിച്ച് 2022 ആയപ്പോഴേക്കും ഇന്ത്യയുടെ എണ്ണ കയറ്റുമതിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്.
English Summary: "Comfortable" With India's Approach On Russian Oil, No Sanctions: US