കൊല്ലം കോർപറേഷനില്‍ ഉദ്യോഗസ്ഥരുടെ കഴുത്തറപ്പൻ പലിശ; അന്വേഷണം വൈകുന്നു
Mail This Article
കൊല്ലം ∙ കോർപറേഷൻ ഓഫിസ് കേന്ദ്രീകരിച്ച് പണം പലിശയ്ക്ക് കൊടുക്കുന്ന ഉദ്യോഗസ്ഥ സംഘത്തിനെതിരെ പൊലീസ് അന്വേഷണം വൈകുന്നു. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കോർപറേഷൻ ജീവനക്കാരൻ ബിജുവിന്റെ ആത്മഹത്യാകുറിപ്പിൽ ഉദ്യോഗസ്ഥരുടെ പേരുകൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊല്ലം കോർപറേഷൻ ഓഫിസിലെ ഡ്രൈവറായിരുന്ന ബിജുവിന്റെ ആത്മഹത്യയ്ക്കു പിന്നാലെയാണു കഴുത്തറപ്പൻ പലിശസംഘത്തെക്കുറിച്ചുള്ള വിവരം പുറത്തായത്.
Read Also: ജപ്തി നോട്ടിസിനു പിന്നാലെ ഗൃഹനാഥൻ തൂങ്ങിമരിച്ചു
എഴുകോൺ കടയ്ക്കോട് വിജയ ഭവനിൽ വി.ബിജു കഴിഞ്ഞ ആറിനാണ് ആത്മഹത്യ ചെയ്തത്. ബിജുവിന്റെ ആത്മഹത്യാകുറിപ്പിൽ ഉദ്യോഗസ്ഥരുടെ പേരുകൾ അക്കമിട്ടു നിരത്തിയിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ മുതൽ സുരക്ഷാ ജീവനക്കാരൻ വരെ വട്ടിപ്പലിശയ്ക്കു പണം കൊടുക്കുന്നവരാണ്. ഇവരിൽനിന്ന് പണം വാങ്ങിയെന്നും അഞ്ചിരട്ടിയിലധികം തുക തിരിച്ചടച്ചിട്ടും ഭീഷണിയും മാനസിക പീഡനവുമാണെന്നും ബിജു ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.
കോർപറേഷനിലെ 20 ശതമാനം ജീവനക്കാരും പണം പലിശയ്ക്ക് കൊടുക്കുന്ന മാഫിയയുടെ പിടിയിലാണെന്നും കത്തിലുണ്ട്. കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തതായും അന്വേഷണം തുടരുന്നതായുമാണ് എഴുകോൺ പൊലീസിന്റെ വിശദീകരണം.
English Summary: Kollam Corporation employee suicide and Blade mafia- Updates