ഹിജാബ് പ്രതിഷേധത്തിന്റെ വിഡിയോ; ഇന്ത്യാ സന്ദർശനം റദ്ദാക്കി ഇറാൻ വിദേശകാര്യമന്ത്രി
Mail This Article
ന്യൂഡൽഹി∙ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ–അബ്ദൊല്ലാഹെയ്ന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് അടുത്തമാസം നടത്താനിരിക്കുന്ന റെയ്സിന ഡയലോഗിൽ പങ്കെടുക്കാനായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ എത്താനിരുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ വിഡിയോയിൽ ഇറാനിലെ സ്ത്രീകൾ മുടിമുറിക്കുന്ന ദൃശ്യം ഉൾപ്പെട്ടതാണ് സന്ദർശനം റദ്ദാക്കാൻ കാരണമെന്നാണ് വിവരം.
റെയ്സിന ഡയലോഗിന്റെ പ്രചാരണ വിഡിയോയിൽ സ്ത്രീകൾ മുടിമുറിക്കുന്നതും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ചിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വർഷത്തെ റെയ്സിന ഡയലോഗിന്റെ പ്രചാരണാർഥം ഒരു മാസം മുൻപുതന്നെ വിഡിയോ പുറത്തുവന്നിരുന്നു.
പ്രതിഷേധക്കാരുടെയൊപ്പം പ്രസിഡന്റിന്റെ ചിത്രം വച്ചതിനെ എതിർക്കുന്നുവെന്ന് ഇറാൻ എംബസി ഒബർസർവർ റിസർച്ച് ഫൗണ്ടേഷനെയും ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെയും അറിയിച്ചിരുന്നു. വിഡിയോയിൽനിന്ന് ആ ഭാഗം നീക്കം ചെയ്യണമെന്ന് എംബസ്സി ആവശ്യപ്പെട്ടെങ്കിലും അതു നടപ്പായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ ‘മത പൊലീസ്’ സെപ്റ്റംബർ 16ന് അറസ്റ്റു ചെയ്ത മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. ഹിജാബ് പരസ്യമായി കത്തിച്ചും മുടിമുറിച്ചും സ്ത്രീകൾ പ്രതിഷേധിച്ചു. മതകാര്യ പൊലീസിന്റെ വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നും മതകാര്യ പൊലീസിനെ നിരോധിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. പൊലീസ് ഉരുക്കുമുഷ്ടി പ്രയോഗിച്ചിട്ടും പ്രക്ഷോഭം അമര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല. രണ്ടുമാസത്തിനിടെ മുന്നൂറോളം പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. രാജ്യാന്തര സമൂഹവും ഇറാനെതിരെ രംഗത്തെത്തി. ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ദേശീയ ടീമും ഭരണകൂടത്തോടുള്ള പ്രതിഷേധം ദേശീയഗാനം ആലപിക്കാതെ പ്രകടിപ്പിച്ചിരുന്നു.
English Summary: Iran Minister Cancels India Visit, Tehran Upset Over Protest Video: Report