പവന്‍ ഖേരയ്ക്കെതിരായ നടപടി ജനാധിപത്യവിരുദ്ധം: കെ.സി.വേണുഗോപാല്‍
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എഐസിസി വക്താവ് പവന്‍ ഖേരയ്ക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പുരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. താന്‍ അടക്കമുള്ളവര്‍ അധികൃതരുടെ ഇൗ നടപടിയെ ചോദ്യം ചെയ്തു. പവന്‍ ഖേരയ്ക്ക് യാത്രാനുമതി നിഷേധിക്കാനുണ്ടായ കാര്യത്തെ കുറിച്ച് വിമാന അധികൃതരോട് വിശദീകരണം ചോദിച്ചപ്പോള്‍ ഡല്‍ഹി പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് മറുപടി നല്‍കിയത്. തുടര്‍ന്ന് താനും രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
വാക്കാല്‍ പറയുന്നതല്ലാതെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നു. കള്ളം പറഞ്ഞ് അദ്ദേഹത്തെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഡല്‍ഹി പൊലീസിന്‍റെ ശ്രമങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് അസം പൊലീസ് തട്ടിക്കൂട്ട് റിപ്പോര്‍ട്ടും ദുര്‍ബലമായ വകുപ്പുകളും ചുമത്തി പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധഃപതിച്ചു. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ആദ്യം ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. ഇപ്പോള്‍ എഐസിസി വക്താവിനെ അറസ്റ്റ് ചെയ്തു. മോദി ഭരണത്തില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: KC Venugopal on Congress leader Pawan Khera's Arrest