ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹിയിലെ പ്രത്യേക കോടതി 7 ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്. സിബിഐ കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. സിബിഐ കേസിലെ ജാമ്യാപേക്ഷ മാർച്ച് 21ന് പരിഗണിക്കും.

കേന്ദ്ര അന്വേഷണ ഏജൻസികൾ നിയമനടപടികൾ പാലിക്കാതെ അറസ്റ്റ് അവകാശമായി കണക്കാക്കിയിരിക്കുകയാണെന്ന് സിസോദിയയുടെ അഭിഭാഷകൻ ദയൻ കൃഷ്ണ കോടതിയിൽ ആരോപിച്ചു. ‘‘അന്വേഷണ ഏജൻസികൾ അറസ്റ്റിനെ അവകാശമായി കണക്കാക്കുന്നത് ഇക്കാലത്ത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇക്കാര്യത്തിൽ കോടതികൾ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്’’– ദയൻ കൃഷ്ണ ചൂണ്ടിക്കാട്ടി.

‘‘ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ഇന്ന് ഇഡി കോടതിയിൽ ഉന്നയിച്ചത് സിബിഐയുടെ കേസാണ്. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിൽ തെളിവില്ലാതെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡിക്ക് അന്വേഷണം ആരംഭിക്കാനാകില്ല’’– ദയൻ കൃഷ്ണ പറഞ്ഞു. ഡൽഹി മദ്യനയം സംബന്ധിച്ച ഫയൽ ലഫ്റ്റനന്റ് ഗവർണറുടെ പക്കലും പോയെന്നും അദ്ദേഹം അത് ക്ലിയർ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ലെഫ്റ്റനന്റ് ഗവർണറെ ഇഡി ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കേസിൽ സിസോദിയ തെളിവ് നശിപ്പിച്ചെന്ന് ഇഡി ആരോപിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 14 ഫോണുകള്‍ മാറ്റി. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണുകള്‍ മാറ്റിയത്. മറ്റു പ്രതികള്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതിനാല്‍ കസ്റ്റഡി ആവശ്യമാണെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി.

English Summary: Manish Sisodia Sent To Enforcement Directorate Custody For 7 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com