അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തനം; വിട വാങ്ങിയത് 'സഭയുടെ കിരീടം'
Mail This Article
ചങ്ങനാശേരി ∙ സിറോ മലബാര്‍ സഭയില്‍ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പാണ് അന്തരിച്ച മാര്‍ ജോസഫ് പൗവത്തില്‍ (92). അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ബനഡിക്ട് മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്നു. അദ്ദേഹമാണ് മാര്‍ പൗവത്തിലിന് സഭയുടെ കിരീടമെന്ന ബഹുമതി നല്‍കിയത്. സഭ വിശ്വാസ– രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിലും കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്.
സഭയുടെ മാര്‍ഗദര്‍ശിയായിരുന്നു പൗവത്തില്‍ പിതാവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുസ്മരിച്ചു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണെന്നും സഭയുടെ രാഷ്ട്രീയ കാഴ്ചപ്പാട് അറിയാന്‍ നേതാക്കള്‍ അദ്ദേഹത്തെ തേടിയെത്തിയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
∙ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നതിൽ മടികാണിച്ചില്ല: മുഖ്യമന്ത്രി പിണറായി വിജയൻ
ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ മാർ ജോസഫ് പൗവത്തിലിന്റെ വിയോഗം വിശ്വാസസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണ്. ദൈവശാസ്ത്ര വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ്, ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപക ചെയർമാൻ, സിബിസിഐ എജ്യൂക്കേഷൻ കമ്മീഷൻ ചെയർമാൻ, എന്നിങ്ങനെ നിരവധി സുപ്രധാന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട് .
കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും സഭയെയും വിശ്വാസസമൂഹത്തെയും അനുശോചനം അറിയിക്കുന്നു. ദുഃഖത്തിൽ പങ്കുചേരുന്നു.
∙ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ
ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ വിയോഗം നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്നേഹനിധിയായ ഒരു മനുഷ്യന്‍ എന്ന നിലയിലും ആത്മീയ നേതാവ് എന്നനിലയിലും അദ്ദേഹം ജനങ്ങളോട് അടുത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കി.
∙ പൗവത്തില്‍ പിതാവിന്റെ വേർപാട് വലിയ നഷ്ടം: വി.മുരളീധരൻ
‘സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ജീവിതം ഉഴിഞ്ഞുവച്ച പൗവത്തില്‍ പിതാവിന്റെ വേർപാട് വലിയ നഷ്ടമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലാളിത്യത്തിന്റെ പൂർണതയുള്ള മഹനിയ ജീവിതത്തിന്റെ ഉടമയായിരുന്നു ജോസഫ് പൗവത്തിൽ. ഇന്റർ ചർച്ച് കൗൺസിലിന്റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ അജപാലന ജീവിതയാത്ര സമാനതകൾ ഇല്ലാത്തതാണ്.’
∙ വിടവാങ്ങിയത് സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി അഗസ്റ്റിൻ
ദൈവഹിതത്തോടു ചേർന്നു നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവത്തിൽ. അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്.
കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം ആയിരുന്നു. എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ആയിരുന്നു പിതാവിന്റെ മുഖമുദ്ര. ആനുകാലിക - സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിൻറെ ഭാഗത്തുനിന്നുണ്ടായി.
കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കേരളത്തെ സമൂഹത്തെ മുന്നോട്ട് നയിക്കാൻ വളരെ സഹായിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരള സമൂഹം ഒന്നടങ്കം പിതാവിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു. മറ്റു സമുദായങ്ങളുമായി ഊഷ്മളമായ ബന്ധം ആണ് പിതാവ് പുലർത്തിയിരുന്നത്.
അഭിവന്ദ്യ ക്രിസോസ്റ്റേം വലിയ മെത്രാപ്പോലീത്താ പവത്തില്‍ പിതാവിനെക്കുറിച്ച് പറഞ്ഞത് ‘പറയേണ്ടത് പറയും; പറയേണ്ടതുമാത്രം പറയും’ എന്നാണ്. കഴിഞ്ഞ ഒൻപത് പതിറ്റാണ്ടിന്റെ ജീവിത കാലയളവിനുള്ളില്‍ പിതാവിന് ഒരിക്കല്‍പോലും താന്‍ പറഞ്ഞ വാക്ക് പിന്‍വലിക്കേണ്ടി വിന്നിട്ടില്ല. എക്കാലത്തും വാർത്തകൾ കൃത്യമായി അപ്ഡേറ്റ് ചെയ്തു മനസിലാക്കിയിരുന്നു. വാർധക്യ അവശതകൾക്കിടയിലും ഇക്കാര്യത്തിൽ പിതാവ് കാണിച്ചിരുന്ന ജാഗ്രത അദ്ദേഹത്തിന്റെ പൊതുതാത്പര്യത്തിനു വലിയ ഉദാഹരണമാണ്.
നിയസഭയിൽ ചില വിഷയങ്ങളിൽ ചർച്ച ഉണ്ടാകുമ്പോൾ പിതാവ് എന്നെ വിളിക്കും. ചിലപ്പോൾ അതിന്റെ പശ്ചാത്തലത്തിൽ ഞാൻ നേരിട്ട് പിതാവിനെ കണ്ടു സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്ന്. ചില വിവരങ്ങൾ അദ്ദേഹം തന്നെ കുറിച്ചു നോട്ട് ആയി തരും. അങ്ങനെ ഓരോ വിഷയങ്ങളും അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തുമായിരുന്നു. അതിന് അദ്ദേഹം കാണിച്ച താൽപ്പര്യം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്.
സഭയോടും പൊതുസമൂഹത്തോടും നല്ല രീതിയിലുള്ള പ്രവർത്തനശൈലി സ്വീകരിക്കാൻ പിതാവിന് സാധിച്ചു . പിതാവിന്റെ വ്യക്തിപരമായ സ്‌നേഹം അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. സാമൂഹികമാറ്റത്തിന് വഴിതെളിക്കുന്ന ശ്രദ്ധേയമായ ആ പ്രവർത്തനങ്ങളിലൂടെ കേരള പൊതുസമൂഹം എന്നും പിതാവിനെക്കുറിച്ച് സ്മരിക്കും. വരുംകാല ഭാവിയിലും ആ സന്ദേശം സൂക്ഷിക്കുവാനും പ്രവർത്തന മണ്ഡലത്തിൽ പകർന്നുകൊടുക്കാനും തീർച്ചയായും കഴിയും എന്ന പ്രതീക്ഷയാണ് ഉള്ളത്.
മാണി സാറുമായി പിതാവിന് ഉണ്ടായിരുന്ന അടുത്ത ബന്ധം പലപ്പോഴും നേരിട്ട് അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പല വിഷയങ്ങളിലും മാണി സാർ പിതാവിനോട് അഭിപ്രായം ആരായായുന്നതും പിതാവ് പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു സൂക്ഷ്മമായി അറിയാനും മാണിസാർ കാണിച്ച ജാഗ്രത അടുത്തുനിന്ന് നോക്കിക്കാണാനും അവസരം ലഭിച്ചിട്ടുള്ള ആളാണ് ഞാൻ. പിതാവിന്റെ വിയോഗത്തിൽ അതിരൂപത അംഗങ്ങളുടെയും പിതാവിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഞാനും പങ്കുചേരുന്നു.
∙ വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു: മന്ത്രി വി.എൻ. വാസവൻ
സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്റെ വിയോഗത്തിൽ മന്ത്രി വി.എൻ. വാസവൻ അനുശോചിച്ചു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേരള ക്രൈസ്തവ സഭയുടെ ധൈഷണിക നേതൃത്വത്തിന്റെ വിടവാങ്ങലിൽ വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
∙ വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവി: വി.ഡി. സതീശൻ
‘വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹം. ‘സഭയുടെ കിരീടം’ എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു. ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു.’
∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
സിറോ മലബാർ സഭ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ചിന്തകനും മാർഗ്ഗദർശ്ശിയുമായ ആർച്ച് ബിഷപ് വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു. ബിഷപ്പിന്റെ വിയോഗത്തിൽ വിശ്വാസികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
∙ പൗവത്തിൽ പിതാവ് ക്രൈസ്തവ സഭയുടെ ധൈഷണിക തേജസ്സ് : ഉമ്മൻ ചാണ്ടി
അഭിവന്ദ്യ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ വേർപാടിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി എസ്ബി കോളേജിൽ ബിഎ ഇക്കണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.
പൗവത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹം അത് പല ഫോറങ്ങളിൽ പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പൗവത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. ഗുരുനാഥൻ കൂടിയായ പൗവത്തിൽ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടെനും ഉമ്മൻ ചാണ്ടി പറഞ്ഞു.
∙ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യൻ: കെ.സി.വേണുഗോപാല്‍
‘രണ്ടുപതിറ്റാണ്ടുകാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു.ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്ത അദ്ദേഹം കർഷകർക്കായി എന്നും നിലകൊണ്ടു. അഞ്ചു മാർപാപ്പമാർക്കൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ ബനഡിക്ട് മാർപാപ്പ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്.ആഴമേറിയ ആദ്ധ്യാത്മികതയും സഭാത്മകമായ ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിന്‍റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.’
∙ രമേശ് ചെന്നിത്തല
സിറോ മലബാർ സഭ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നിലപാടിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത തിരുമേനി ജനാധിപത്യ മതേതരത്വ നിലപാട് എന്നും ഉയർത്തിപ്പിടിച്ചിരുന്നു വിദ്യാർത്ഥിയായിരിക്കുന്ന കാലഘട്ടം മുതൽ പിതാവു മായി ഉണ്ടായ അടുപ്പം പിന്നീട് കോട്ടയം എംപി ആയത് മുതൽ കൂടുതൽ ദൃഢമായി വിശ്വാസത്തിലൂന്നിയ നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്ന പിതാവ് മികച്ച പണ്ഡിതനും ചിന്തകനും മാർഗ്ഗദർശ്ശിയുമായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
English Summary: Former Archbishop of Changanacherry Diocese Mar Joseph Powathil passes away at 92