ADVERTISEMENT

കൊച്ചി∙ സ്വർണവിലയിൽ റെക്കോർഡ് വർധന. ഒറ്റദിവസം കൊണ്ട് സ്വർണം പവന് 1200 രൂപ വർധിച്ചു. ഇതോടെ സ്വർണം പവന് 44,240 രൂപയായി. ഗ്രാമിന് 150 രൂപ കൂടി 5530 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടം 3520 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ ഏറ്റവും ഉയർന്ന നിരക്കു വർധനയാണിത്. കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ 48,000 രൂപ വേണ്ടി വരും. 

അമേരിക്കൻ വിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണവില കുതിച്ചുയർന്നതാണ് സ്വർണവില ഇന്ന് റെക്കോർഡ് നിലയിൽ കുതിക്കാൻ കാരണം.  ഇന്നലെ വ്യാപാരാരംഭത്തിൽ തന്നെ സ്വർണവില 1960 ഡോളർ മറികടന്നു. 40 ഡോളറാണ് ഉയർന്നത്. 21നു ചേരുന്ന പണനയ അവലോകനയോഗത്തിൽ ഫെഡറൽ റിസർവ്, ബാങ്കിങ് മേഖലയെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വില ഇനിയും കൂടും. വില അടുത്ത ദിവസങ്ങളിൽ 2000 ഡോളർ  കടന്നേക്കുമെന്നും 2500 വരെ എത്താമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ആനുപാതിക വിലക്കയറ്റം സംസ്ഥാനത്തുമുണ്ടാകും. 

Read Also: പിതാവ് ദത്തെടുത്ത പെൺകുട്ടിയെ മകൻ വിവാഹം ചെയ്തു; ഒടുവിൽ ‘അവിഹിത’ത്തെ ചൊല്ലി കൊലപാതകം

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ട്രോയ് ഔൺസിന് 700 ഡോളറായിരുന്ന വില 2011ൽ 1900 ഡോളറിലേക്ക് ഉയർന്നു. ഇതേസമയം സംസ്ഥാനത്ത് പവന് 9200 രൂപയായിരുന്ന വില 24240 രൂപയിലേക്കാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ 1900 ഡോളർ നിലവാരത്തിൽ വീണ്ടും വിലയെത്തുമ്പോൾ സംസ്ഥാനത്ത് ഇരട്ടിയോളം വില അനുഭവപ്പെടുന്നതിന്റെ കാരണം രൂപയുടെ മൂല്യത്തകർച്ചയാണ്. ഇറക്കുമതി നികുതി 2ൽ നിന്ന് 15 ശതമാനത്തിലേക്ക് ഉയർത്തിയതും ആഭ്യന്തര വിപണിയിലെ വില വർധനയ്ക്കു കാരണമായി. 

Read Also: ബ്രഹ്മപുരം അന്തരീക്ഷത്തെ വിഷലിപ്തമാക്കും; ഡോ. രേണുരാജ് 2022ല്‍ത്തന്നെ റിപ്പോര്‍ട്ട് നല്‍കി

ബാങ്ക് തകർച്ചകൾ 2008ലെ പ്രതിസന്ധി ആവർത്തിക്കാനിടയാക്കുമോ എന്ന ഭയം മൂലം നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതിനിടെ അസംസ്കൃത എണ്ണവില കൂടി ഇടിഞ്ഞതു മാന്ദ്യ ഭീതി കൂട്ടി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം തങ്കം) വില 1960 ഡോളർ വരെ ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും ആഭ്യന്തര വിപണിയിൽ സ്വർണവില കൂടാനിടയാക്കി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നു.

English Summary: Gold Price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com