ADVERTISEMENT

തലശേരി∙ കേരളത്തിലെ കത്തോലിക്കാ സഭ ബിജെപിയോടു സ്വീകരിക്കുന്ന നിലപാട് വീണ്ടും ചർച്ചയാക്കിയത്, കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോടു നടന്ന കർഷക ജ്വാല എന്ന പരിപാടിയിൽ തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയിൽ നടത്തിയ പ്രസംഗം. റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് കർഷകരിൽനിന്ന് റബർ വാങ്ങിയാൽ, ബിജെപിക്ക് കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരുമെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യം ഓർക്കണമെന്നും, മാർ ജോസഫ് പാംപ്ലാനി സമ്മേളനത്തിൽ ഓർമിപ്പിച്ചു.

ബിഷപ്പ് നടത്തിയ പ്രസംഗത്തിൽനിന്ന്:

കൊറോണയുടെ സമയത്ത് സർക്കാർ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. അതിന്റെ കാലാവധി തീർന്നപ്പോൾ പലിശയും കൂട്ടുപലിശയുമായി ബാങ്കുകാർ ജപ്തി ചെയ്യാനായി കർഷകരുടെ വീടായ വീടും പറമ്പായ പറമ്പും കയറിയിറങ്ങുകയാണ്. പ്രിയപ്പെട്ട കർഷകരേ, ഇത്തരത്തിൽ ജപ്തി നോട്ടിസുമായി വന്നാൽ നിങ്ങളാരും ഭയപ്പെടേണ്ടതില്ല. നമ്മിൽ ഒരു കർഷകൻ പോലും ഒരു സെന്റ് ഭൂമിയോ സ്വന്തം കിടപ്പാടമോ വിറ്റ് ആരെയും പേടിച്ച് പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് സർക്കാരിനോട് ഞങ്ങൾക്ക് പറയാനുള്ളത്.

ഞങ്ങൾ ഒരു സർക്കാരിനും എതിരായിട്ടല്ല പറയുന്നത്. പക്ഷേ ഞങ്ങൾക്കു ജീവിക്കണം. ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ഇവിടം ഭരിക്കുന്ന സർക്കാരുകളാണെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഓർക്കുക. കർഷകരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ജപ്തി നടപടികളും കർഷകദ്രോഹപരമായ സാമ്പത്തിക കയ്യേറ്റങ്ങളും അവസാനിപ്പിക്കണം. കൃഷിഭൂമി ജപ്തി ചെയ്യാൻ അവകാശമില്ലാ എന്നത് ഈ രാജ്യത്തെ നിയമമാണ്.

കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബറിന്റെ വില 250 രൂപയാക്കി മാറ്റാൻ പറ്റും. തിരഞ്ഞെടുപ്പിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തിൽ വിലയില്ല എന്ന സത്യം ഓർക്കുക. നമുക്ക് കേന്ദ്രസർക്കാരിനോടു പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങൾ നിങ്ങളെ വോട്ടു ചെയ്ത് വിജയിപ്പിക്കാം. നിങ്ങൾ റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച് ആ വിലയ്ക്ക് റബർ കർഷകരിൽനിന്ന് എടുക്കുക. നിങ്ങൾക്ക് ഇവിടെ ഒരു എംപിയുമില്ല എന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.

കാരണം എന്താണെന്നു ചോദിച്ചാൽ, ഞങ്ങൾക്ക് രാഷ്ട്രീയമല്ല, ഞങ്ങളുടെ കുടുംബങ്ങൾ ഗതികേടിന്റെ മറുകരയിലേക്ക് നീന്തുന്നവരാ. അവരുടെ അതിജീവിതത്തിനു വേണ്ടി. അല്ലയോ സർക്കാരേ, അത് ബിജെപി സർക്കാരായിക്കൊള്ളട്ടെ, ഇടതുമുന്നണി സർക്കാരായിക്കൊള്ളട്ടെ, കോൺഗ്രസ് സർക്കാരായിക്കൊള്ളട്ടെ, റബറിന്റെ വില 300 രൂപയായി പ്രഖ്യാപിക്കുകയും അത് ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു മാത്രമേ നമ്മൾ വോട്ടു ചെയ്യൂ എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കാതെ ഈ പ്രതിസന്ധിക്കൊന്നും പരിഹാരമുണ്ടാകില്ല എന്ന സത്യം പ്രിയപ്പെട്ട കർഷകരേ നിങ്ങൾ മനസ്സിലാക്കുക.

∙ പിന്നീട് വിശദീകരണം

അതേസമയം, ബിജെപിക്കു പിന്തുണ നൽകുമെന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ മാർ ജോസഫ് പാംപ്ലാനി പിന്നീട് തള്ളിക്കളഞ്ഞു. റബർ കർഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നിൽക്കുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. കേന്ദ്രസർക്കാർ സഹായിച്ചാലും സംസ്ഥാന സർക്കാർ സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. ഒരു പാർട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. ബിജെപി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നത് സഭയുടെ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപി ഉൾപ്പെടെ ഒരു പാർട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

‘‘ബിജെപിയുമായി സംസാരിക്കാൻ പറ്റാത്ത സാഹചര്യമൊന്നുമില്ലല്ലോ. രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയോട് സംസാരിക്കുന്നതിൽ സഭയ്ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ല. അവരുമായി പല കാര്യങ്ങളും പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുണ്ട്. ഇത്തരം ചർച്ചകൾ എല്ലാ മേഖലകളിലും തുടരുന്നതുമാണ്. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല. ഞാൻ ആ സമ്മേളനത്തിൽ പ്രകടിപ്പിച്ചത് ഇവിടുത്തെ മലയോര കർഷകരുടെ വികാരമാണ്. ഇതിനെ സഭയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല.’ – മാർ പാംപ്ലാനി വിശദീകരിച്ചു.‌

‘സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തിൽനിന്ന് പടിയിറങ്ങിപ്പോയതാണ്. അതിനുവേണ്ടി കത്തോലിക്കാ സഭ തന്നെ പരിശ്രമിച്ചതാണ്. അതുകൊണ്ട് അയിത്തം എന്നൊരു വാക്കേ ഞങ്ങളുടെ നിഘണ്ടുവിലില്ല. സഭയ്ക്ക് ആരോടും അസ്പർശ്യതയുമില്ല. ഇവിടേക്ക് ആരു വന്നാലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരുപോലെ സ്വീകരിക്കും’ – മാർ പാംപ്ലാനി പറഞ്ഞു.

English Summary: Mar Joseph Pamplany's Viral Speech On Rubber Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com