ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ രോഗിയുടെ മുറിവ് തുറന്നിട്ട് ചികിത്സിച്ച സംഭവത്തിൽ വിശദീകരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) സംസ്ഥാനഘടകം. രോഗിക്ക് പര്യാപ്തമായ എല്ലാ ചികിത്സയും ഉറപ്പാക്കിയെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

2022 ഫെബ്രുവരിയിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്കശസ്ത്രക്രിയ ചെയ്തത്. അതിനുശേഷം ആറുമാസങ്ങൾക്ക് ശേഷമാണ് രോഗി ആദ്യമായിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തുന്നത്. ഇതിനിടയിൽ ഏഴോളം ശസ്ത്രക്രിയകൾ അണുബാധ നീക്കം ചെയ്യുന്നതിനായി ചെയ്തിരുന്നു. എന്നാൽ ഈ ശസ്ത്രക്രിയ ഒന്നും തന്നെ അണുബാധ പൂർണമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചിരുന്നില്ല. തികച്ചും സങ്കീർണമായ അവസ്ഥയിലാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചേരുന്നത്.

അൾട്രാസൗണ്ട് സ്കാൻ, എംആര്‍ഐ, ബയോപ്സി മുതലായ പരിശോധനകൾ നടത്തി. മുറിവിൽ ഉണ്ടായിരുന്ന പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോടിക് റെസിസ്റ്റന്റായ MDR ക്ലബ്സിയല്ല എന്ന മാരകമായ രോഗാണുവിനെ തിരിച്ചറിഞ്ഞു. സർക്കാർ മേഖലയിൽ വളരെ കുറച്ച് ചികിത്സ മാർഗങ്ങൾ മാത്രമേ നിലവിലുള്ളൂ. രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ആദ്യം പഴുപ്പ് നീക്കം ചെയ്യുവാനും മുറിവ് തുന്നലിട്ട് ശരിയാക്കുവാനും ശ്രമിച്ചു. പിന്നീട് വീണ്ടും അണുബാധ ഉണ്ടായതുകൊണ്ട് മുറിവ് താൽക്കാലികമായി തുറന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുന്നലിട്ട് ശരിയാക്കാൻ ശ്രമിക്കുകയുണ്ടായി. അതും പൂർണമായി വിജയിച്ചില്ല എന്ന് മാത്രമല്ല ഒന്നര മാസങ്ങൾക്കുശേഷം ഡിസംബറിൽ വളരെ ഗുരുതരമായ അണുബാധയുമായി രോഗി തിരികെ വന്നു.

വിവിധ ചർച്ചകൾക്ക് ശേഷം രോഗിയുടെ മുറിവ് പൂർണമായി തുറന്നിടുവാനും പതുക്കെ ഉണങ്ങി വരുന്ന രീതിയിലുള്ള ചികിത്സാരീതികൾ സ്വീകരിക്കുവാനും ഡോക്ടർമാർ തീരുമാനിച്ചു. മുറിവ് തുന്നാതെ ഇട്ട്, ദിവസവും മുറിവ് കഴുകി വച്ച് കെട്ടുകയും ഉണങ്ങുന്നത് അനുസരിച്ചു തുന്നൽ ഇടുകയും ചെയ്യുക എന്നതാണ് ഇതിൽ ചെയ്യുന്നത്. ഇതിനകം 20 ദിവസത്തോളം രോഗി വിവിധ കാലഘട്ടങ്ങളിലായി മെഡിക്കൽ കോളജിൽ അഡ്മിറ്റുമായിരുന്നു

തുടർച്ചയായ അണുബാധ കാരണം പതിനൊന്നാം തവണ ശസ്ത്രക്രിയ നടത്തിയതിനു ശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. അതിന്‌ ശേഷം വീട്ടിലേക്ക് പോകുവാനും വീടിനടുത്തുള്ള ആശുപത്രിയിൽ മുറിവ് പരിചരിക്കാനും നിർദേശിച്ചു. ഓരോ  ആഴ്ച കൂടുമ്പോഴും ആശുപത്രിയിൽ വന്നു മുറിവ് പരിശോധിക്കാനും തുന്നലിടാൻ സമയമാകുമ്പോൾ തുന്നൽ ഇടാമെന്നും രോഗിയെ അറിയിച്ചു.  ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും അതു കൊണ്ടുണ്ടാകുന്ന  ബുദ്ധിമുട്ടുകളെ കുറിച്ചും ഈ സമയത്ത് രോഗിയുമായി ചർച്ച ചെയ്യുകയും അവരെ വിശദമായി ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെറ്റായ രീതിയിൽ ഉള്ള സന്ദേശം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയിൽ നിന്നും ഉണ്ടായതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കെജിഎംസിടിഎ സംസ്ഥാനഘടകം അറിയിച്ചു.

English Summary: KGMCTA on treatment failure allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com