ആദ്യം അഭിനന്ദിച്ചത് സ്‌മിത; ഇനി ബിന്ദുവിന്റെ മകൻ? താക്കറെ കുടുംബത്തെ കളത്തിലിറക്കിയും ‘കുളം കലക്കാന്‍’ ഷിൻഡെ-ബിജെപി
Mail This Article
മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടാകുന്ന അപ്രതീക്ഷിത ചുഴികൾ എല്ലാക്കാലത്തും വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഹിന്ദുത്വ ആശയങ്ങളുടെ പങ്കുവയ്പുകാരായിരുന്ന ശിവസേനയും ബിജെപിയും തമ്മിൽ പിരിഞ്ഞത് അത്തരത്തിലൊന്നായിരുന്നു. ഒരിക്കലും ഒന്നിക്കാൻ സാധിക്കില്ലെന്ന് കരുതിയിരുന്ന കോൺഗ്രസിനും എൻസിപിക്കുമൊപ്പം സേന യോജിച്ചതും സർക്കാർ രൂപീകരിച്ചതുമൊക്കെ അത്തരം അപ്രതീക്ഷിത നീക്കങ്ങളായിരുന്നു. ഒടുവിൽ ബാൽ താക്കറെയുടെ ശിഷ്യൻ ഏക്നാഥ് ഷിൻഡെയെ മുന്നിൽ നിർത്തി ശിവസേനയെ ബിജെപി പിളർത്തിയതും മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയതും അപ്രതീക്ഷിതമായിരുന്നു. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ രണ്ടാമന്റെ കസേരയിൽ പിടിച്ചിരുത്തി ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയപ്പോൾ ഈ കളിയിൽ ഉൾപ്പെട്ടിരുന്നവർ ഒന്നടങ്കം ഞെട്ടി. അതിങ്ങനെ മുന്നോട്ടു പോകുമ്പോൾ ഉദ്ധവ് താക്കറെ പക്ഷത്ത് എന്തു സംഭവിക്കുന്നു? ഓരോ ദിവസവും നഷ്ടക്കണക്കിലാണ് അദ്ദേഹത്തിന്റെ സേന. ശിവസേനയെ നെടുകെ പിളർത്തുന്നത് പൂർത്തിയായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ പക്ഷത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനുള്ള ചരടുവലികളാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ളിലെ തന്റെ റോൾ ഷിൻഡെ ഭംഗിയായി നിറവേറ്റുന്നുമുണ്ട്. 40 എംഎൽഎമാരും 13 എംപിമാരുമായി ഏക്നാഥ് ഷിൻഡെ ശിവസേനയെ പിളർത്തി പോയതിനു ശേഷം പല ഇടവേളകളിലായി നിരവധി പേർ ഉദ്ധവ് താക്കറെ ക്യാംപ് വിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ശിവസേന എന്ന പേരും ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് നൽകിയിരുന്നു. താക്കറെ പക്ഷം ഇതിനോടു ശക്തമായി വിയോജിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും ഉടനടി ആശ്വാസ നടപടികളൊന്നും കിട്ടിയിരുന്നില്ല. എന്താണ് ഉദ്ധവ് താക്കറെയേയും മകൻ ആദിത്യ താക്കറെയേയും കൂടെ നിൽക്കുന്ന വിരലിലെണ്ണാവുന്ന നേതാക്കളേയും കാത്തിരിക്കുന്നത്?