ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി. തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ടെന്നു പറഞ്ഞ ശിവൻകുട്ടി, ഈ പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിനു മുൻപ് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിനു നടത്തുന്ന ഈ പ്രതിഷേധത്തിൽ, എന്തു ന്യായമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.

സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. അൻവർ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്റഫ്, ഉമാ തോമസ് എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. ഇതിനു പിന്നാലെ ഈ മാസം 30 വരെയുള്ള കാര്യപരിപാടികൾ ഇന്ന് അംഗീകരിച്ച് സമ്മേളനം സ്പീക്കർ അവസാനിപ്പിച്ചിരുന്നു.

‘‘ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുൻപ് അംഗങ്ങളായിരുന്നവരാണ്. ഞങ്ങളൊക്കെ ശക്തിയായി പ്രതിഷേധിച്ചിട്ടുമുണ്ട്. അവസരം കിട്ടിയപ്പോഴെല്ലാം ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷേ, ഈ സഭയിൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും മുൻപ് ഉണ്ടായിട്ടില്ല. സമാന്തര സഭ ഇതിനു മുൻപ് ഇവിടെ കൂടിയിട്ടേയില്ല. സഭയ്ക്കുള്ളിലെ സത്യഗ്രഹവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. സഭയ്ക്കു പുറത്ത് സത്യഗ്രഹ സമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിനാണ് ഈ പ്രതിഷേധം. ഇത് എവിടുത്തെ ന്യായമാണ്?’ – ശിവൻകുട്ടി ചോദിച്ചു. 

ഇതോടെ, അങ്ങ് ഉത്തരത്തിലേക്കു വരൂ എന്നായി സ്പീക്കർ എ.എൻ.ഷംസീർ. പ്രതിപക്ഷത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടേ എന്നായിരുന്നു സ്പീക്കറോട് ശിവൻകുട്ടിയുടെ മറുചോദ്യം. അവർക്ക് കാര്യങ്ങൾ മനസ്സിലായിട്ടില്ല, അതുകൊണ്ട് പറഞ്ഞതാണെന്നും ശിവൻകുട്ടി പറഞ്ഞു.

മുൻപ് യുഡിഎഫ് അധികാരത്തിലിരിക്കെ, കെ.എം.മാണിയുടെ ബജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടസപ്പെടുത്താൻ ശ്രമിച്ചത് സമാനതകളില്ലാത്ത സംഭവവികാസങ്ങൾക്ക് വഴിവച്ചിരുന്നു. കയ്യാങ്കളിയിലേക്കു നീങ്ങിയ അന്നത്തെ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ചേംബറിൽ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് ഉൾപ്പെടെ ഇപ്പോഴും തുടരുമ്പോഴാണ്, പ്രതിപക്ഷത്തിന് മന്ത്രിയുടെ ഉപദേശം.

English Summary: V Sivankutty Criticises Opposition Over Their Protest In The Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com