ADVERTISEMENT

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ, ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച താൽക്കാലിക ജീവനക്കാരി ദീപയെ പിരിച്ചുവിട്ടു. നഴ്സിങ് അസിസ്റ്റന്റ് ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.

ഈ സംഭവത്തിൽ പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതി ചികിത്സയിൽ കഴിയുന്ന വാർഡിൽ ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതു സംബന്ധിച്ചു യുവതി ഇന്നലെ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. യുവതിയുടെ ബന്ധുക്കളുടെ മേലും കടുത്ത സമ്മർദം ചെലുത്തുന്നതായി പരാതിയുണ്ട്.

പീഡനക്കേസിൽ അറസ്റ്റിലായ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്– 1 വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രൻ (55) റിമാൻഡിലാണ്. ഭരണകക്ഷി സർവീസ് സംഘടനാംഗമായ ശശീന്ദ്രനെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങൾ രണ്ടു ദിവസമായി സജീവമാണ്. പ്രതിയുടെ സഹപ്രവർത്തകരായ ചിലരാണു പരാതിക്കാരിയെ നേരിട്ടു കണ്ടു സമ്മർദം ചെലുത്തിയത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ വാർഡിലേക്കു മാറ്റിയിട്ടുണ്ട്. ആരോഗ്യനില പൂർണമായും പൂർവസ്ഥിതിയിലായിട്ടില്ല. യുവതിയെ പ്രവേശിപ്പിച്ച വാർഡിൽ ഡ്യൂട്ടിയില്ലാത്ത ചില ജീവനക്കാരാണു സമ്മർദവുമായി എത്തിയത്.

‘പണത്തിനു വേണ്ടിയാണോ പരാതി നൽകിയത്’ എന്നു ചോദിക്കുകയും വളരെ മോശമായ വാക്കുകൾ ഉപയോഗിച്ചു മാനസികമായി തളർത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Health Department Takes Action Against 6 Persons In Kozhikode Medical College Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com