സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; ഗവർണർക്ക് വൻ തിരിച്ചടി
Mail This Article
കൊച്ചി∙ കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഗവർണർ ഉത്തരവിറക്കിയത്. 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു. അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ നിർദേശം നൽകിയിരുന്നു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽനിന്നു വിട്ടുനിന്നവർക്കെതിരെയായിരുന്നു ഗവർണറുടെ നടപടി. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ 2 പേർ സെനറ്റ് യോഗത്തിനെത്തിയിരുന്നു. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത 4 വകുപ്പു മേധാവികളെയുമാണ് പുറത്താക്കിയത്.
English Summary: HC revoke Kerala University senate members expel order