കോട്ടയം മെഡി. കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; 6 പേര്‍ക്ക് പുതുജീവനേകി ശ്യാമള
Mail This Article
കോട്ടയം ∙ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആര്‍.രാജേഷിനാണ് (35) ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ (52) ഹൃദയമാണ് രാജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ.സോട്ടോ വഴി ലഭ്യമാക്കിയത്.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിനെയും മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ ബന്ധുക്കളെ മന്ത്രി നന്ദി അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്.
4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രാജേഷ് തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ശ്യാമള രാമകൃഷ്ണന്‍ 6 പേര്‍ക്കാണു പുതുജീവന്‍ നല്‍കിയത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവ ദാനം നല്‍കി. ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് ലഭിച്ചത്. പൊലീസിന്റെ സഹകരണത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവം എത്തിച്ചത്.
English Summary: Heart transplant surgery successfully done at Kottayam Medical College Hospital