'കേസ് കൊടുക്കുമോ?': മോദിക്കെതിരായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിക്കുകയും ലോക്സഭാ സെക്രട്ടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തതിനു പിന്നാലെ, ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറൽ. ‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കി മാറ്റാമെന്ന്’ 2018ൽ കോൺഗ്രസിലായിരുന്നപ്പോൾ ഖുശ്ബു ട്വീറ്റ് ചെയ്തതാണ് വൈറലായത്.
‘‘മോദി എന്നതിന്റെ അർഥം അഴിമതി എന്നാക്കാം. അതാണ് നല്ലത്. നീരവ്, ലളിത്, നമോ = അഴിമതി’ – എന്നായിരുന്നു ട്വീറ്റ്. നിരവധി കോണ്‍ഗ്രസ് നേതാക്കൾ ഖുശ്ബുവിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി ഇപ്പോൾ ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ കേസ് കൊടുക്കുമോ എന്ന് ചോദിക്കുകയും ചെയ്തു.
‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിൽ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് വെള്ളിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കി.
അതേസമയം, ഖുശ്ബു സുന്ദർ തന്റെ പഴയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുകയോ ട്വീറ്റ് പിൻവലിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതികരിച്ചിരുന്നു.
‘‘നിർഭാഗ്യവശാൽ താൻ ഒരു പാർലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടെയും എത്തിക്കില്ല’’– ഖുശ്ബു ട്വീറ്റ് ചെയ്തു.
English Summary: Khushbu Sundar's old tweet viral as Rahul Gandhi convicted, disqualified