ADVERTISEMENT

വാഷിങ്ടൻ∙ ഇന്ത്യൻ അംബാസഡറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി ഖലിസ്ഥാൻ അനുകൂലികളുടെ പ്രകടനം. മാധ്യമപ്രവർത്തകനുനേരെയും അതിക്രമമുണ്ടായി. എന്നാൽ സംഘർഷം സൃഷ്ടിക്കാനെത്തിയ സംഘത്തിന്റെ പദ്ധതി പ്രാദേശിക പൊലീസ് സേനയും യുഎസ് സീക്രട്ട് സർവീസും ചേർന്ന് പൊളിച്ചു. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും ഇന്ത്യൻ ഹൈക്കമ്മിഷനും എംബസ്സിക്കുംനേർക്ക് ഉണ്ടായ അക്രമങ്ങൾ പോലെ ഇവിടെയും നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.

ശനിയാഴ്ച വാഷിങ്ടൻ ഡിസിയിലെ ഇന്ത്യൻ എംബസിക്കു പുറത്ത് നൂറുകണക്കിനനാളുകളാണ് ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇന്ത്യൻ അംബാസഡർ തരണ്‍ജിത് സിങ് സന്ധുവിനെ പേരെടുത്തു പറഞ്ഞു ഭീഷണിപ്പെടുത്തിയും ജീവനക്കാരെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞുമായിരുന്നു പ്രകടനം. പ്രതിഷേധ സമയം അംബാസഡർ എംബസ്സിയിൽ ഉണ്ടായിരുന്നില്ല. ജനലുകൾ തകർക്കാനും മറ്റും കൂടെയുണ്ടായിരുന്നവരെ സംഘാംഗങ്ങൾ പ്രേരിപ്പിക്കുകയും ചെയ്തു. എംബസ്സിയിലെ വസ്തുകവകകൾക്ക് കേടുപാടു വരുത്താനും നിർദേശം നൽകി.

പ്രതിഷേധക്കാർ മാധ്യമപ്രവർത്തകനെയും കയ്യേറ്റംചെയ്തു. ദേശീയ വാർത്താ ഏജൻസിയായ പിടിഐയുടെ ലളിത് ത്സായ്ക്കുനേരെയാണ് അതിക്രമമുണ്ടായത്. അതിനിടെ, കാര്യങ്ങൾ കൈവിട്ടുപോകുമെന്നു തോന്നിയതോടെ സീക്രട്ട് സർവീസും പ്രാദേശിക പൊലീസും കൂടുതൽ സേനാംഗങ്ങളെയെത്തിച്ച് സ്ഥിതിഗതികൾ നിയന്ത്രിച്ചു. എംബസ്സിക്കുമുന്നിൽ കുറഞ്ഞത് മൂന്നു പൊലീസ് വാനുകൾ വിന്യസിച്ചു.

ഒരുസമയം, അഞ്ചു പ്രതിഷേധക്കാർ റോഡ് മുറിച്ചുകടന്ന് എംബസ്സി കെട്ടിടത്തിനടുത്തേക്ക്, പതാകയുയർത്തുന്ന കൊടിമരത്തിന് അടുത്തേക്ക് എത്തുകയുണ്ടായി. എന്നാൽ പൊലീസ് അവരെ തടഞ്ഞ് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. സംഘർഷം ഉണ്ടാക്കാൻ തയാറായാണ് പ്രതിഷേധക്കാരെത്തിയതെന്ന് ഇതിൽനിന്നു വ്യക്തമാണ്. അതേസമയം, മാധ്യമപ്രവർത്തകനുനേരെയുണ്ടായ പ്രതിഷേധത്തെ അപലപിച്ചും നടപടി സ്വീകരിച്ച നിയമപാലകരെ അഭിനന്ദിച്ചും ഇന്ത്യൻ എംബസി പ്രസ്താവനയിറക്കി.

അതിനിടെ, കാനഡയിൽ ഇന്ത്യൻ മിഷനുകൾക്കു നേരെയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഇന്ത്യ കടുത്ത ഭാഷയിൽ കാനഡയെ പ്രതിഷേധം അറിയിച്ചു. ഹൈക്കമ്മിഷണറെ വിദേശകാര്യമന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

English Summary: Khalistan supporters try to incite violence at Indian Embassy in Washington; Secret Service, police foil their bid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com