തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര വൻവിജയമായെന്നും സംഘടനാ സംവിധാനത്തെ ചലിപ്പിക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും ജാഥയിലുടനീളം വലിയ ജനപങ്കാളിത്തം ഉണ്ടായതായി പാര്‍ട്ടി വിലയിരുത്തി. വിവാദങ്ങളും പ്രാദേശികമായ പ്രശ്നങ്ങളും ജാഥയെ ബാധിച്ചില്ലെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.
Read Also: ‘കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തും’: അഭിപ്രായ സര്‍വേ ഫലം പുറത്ത്
എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പായെന്ന അവലോകനവും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാന സമിതി യോഗങ്ങളും യാത്രയുടെ വിലയിരുത്തല്‍ നടത്തും.
എം.വി. ഗോവിന്ദൻ നയിച്ച ജാഥ ഫെബ്രുവരി 20ന് കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നാണ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. മാർച്ച് 18ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തായിരുന്നു സമാപനം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയായിരുന്നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
English Summary: CPM on Janakeeya prathirodha yathra