‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസം ഉള്ളയാള്‍ ആകേണ്ടേ?’; ഡല്‍ഹിയില്‍ വീണ്ടും പോസ്റ്ററുകള്‍
Mail This Article
ന്യൂഡല്‍ഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ വീണ്ടും പോസ്റ്റര്‍. എഎപി ഓഫിസിന്റെ മതിലിലാണ് ‘ഇന്ത്യയുടെ പ്രധാനമന്ത്രി വിദ്യാഭ്യാസം ഉള്ളയാള്‍ ആകേണ്ടേ?’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചത്. 11 പ്രാദേശിക ഭാഷകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ പ്രചാരണം നടത്താനാണ് എഎപി ഉദ്ദേശിക്കുന്നത്.
രണ്ടാം തവണയാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍ച്ച് 22ന് ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 100 കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിലായ രണ്ടു പേര്‍ക്കു സ്വന്തമായി പ്രിന്റിങ് പ്രസുണ്ടെന്നു പൊലീസ് പറഞ്ഞു. ‘മോദി സര്‍ക്കാരിന്റെ ഏകാധിപത്യം മൂര്‍ധന്യത്തില്‍’ എന്നാണ് എഎപി പൊലീസ് നടപടിയെക്കുറിച്ചു വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണു പിടിച്ചെടുത്തത്.
English Summary: AAP's pan-India poster campaign targeting PM