അരുവിക്കരയിൽ അലി അക്ബറിന്റെ വെട്ടേറ്റ ഭാര്യയും മരിച്ചു; അലി ഗുരുതരാവസ്ഥയിൽ തുടരുന്നു
Mail This Article
തിരുവനന്തപുരം ∙ നെടുമങ്ങാട് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയും മരിച്ചു. അഴീക്കോട് വളപ്പെട്ടി സ്വദേശിനി മുംതാസാണ് മരിച്ചത്. ആക്രമണത്തിന് ഇരയായ മുംതാസിന്റെ മാതാവ് ഷാഹിറ (67) പുലർച്ചെ തന്നെ മരിച്ചിരുന്നു. ഇരുവരെയും വെട്ടിയശേഷം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ചെ 4.30നാണ് കുടുംബവഴക്കിനെ തുടർന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. എസ്എടി ആശുപത്രിയിലെ ജീവനക്കാരനായ അലി അക്ബർ നാളെ സർവീസിൽനിന്നു വിരമിക്കാനിരിക്കെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് അലി അക്ബർ മുംതാസിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് മുംതാസിന്റെ മാതാവ് ഷാഹിറയ്ക്ക് വെട്ടേറ്റത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ഭാര്യയെയും പൊള്ളലേറ്റ അക്ബർ അലിയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മുംതാസും മരണത്തിനു കീഴടങ്ങിയത്. ഇവർക്ക് ഒരു മകനുണ്ട്.
അക്ബർ അലി വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. 10 വർഷമായി ഇവർ തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ട്. എങ്കിലും ഒരു വീട്ടിൽ തന്നെയായിരുന്നു താമസം.
English Summary: Woman killed by son in law at Aruvikkara