‘അയൽ സംസ്ഥാനത്തുനിന്നുവരെ ബിജെപി ഗുണ്ടകളെ ഇറക്കി’: വിമർശനവുമായി തൃണമൂൽ
Mail This Article
കൊൽക്കത്ത ∙ രാമനവമിയോടനുബന്ധിച്ച് ബംഗാളിലെ ഹൗറയിൽ അക്രമമുണ്ടായതിൽ പരസ്പരം പഴിചാരി ബിജെപിയും കോൺഗ്രസും. ഇരുവിഭാഗങ്ങളും അക്രമം നടത്തുന്ന വിഡിയോകളും പുറത്തുവിട്ടു. ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. അക്രമ സംഭവത്തെ എൻഐഎയെക്കൊണ്ട് അന്വേഷിപ്പിക്കാൻ നീക്കം നടത്തുന്നത് ബിജെപി പ്രവർത്തകരെ രക്ഷിക്കാനാണെന്ന് അവർ ആരോപിച്ചു.
സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽനിന്നു രക്ഷപ്പെടാനാണിത്. സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയാൽ ബിജെപി പ്രവർത്തകർ പിടിക്കപ്പെടുമെന്ന് അവർക്ക് അറിയാമെന്നും മമത പറഞ്ഞു. ബിജെപി എംഎൽഎ സുവേന്ദു അധികാരിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ എംപി അഭിഷേക് ബാനർജിയും രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടശേഷം കൊൽക്കത്തയിൽ തിരിച്ചെത്തിയ സുവേന്ദു പൊതുയോഗം വിളിച്ചു ചേർത്ത്, അടുത്ത ദിവസം ടെലിവിഷൻ കാണാൻ നിർദേശിച്ചു. അടുത്ത ദിവസം തന്നെ അക്രമവും ആരംഭിച്ചു. എല്ലാം അമിത് ഷാ അറിഞ്ഞാണ് നടക്കുന്നതെന്നും അഭിഷേക് ആരോപിച്ചു.
അടുത്ത സംസ്ഥാനത്തുനിന്നുവരെ ഗുണ്ടകളെ ഇറക്കിയാണ് ബിജെപി കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. സംഭവത്തെത്തുടർന്ന് അമിത് ഷാ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസിനെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. പ്രശ്നബാധിത പ്രദേശങ്ങൾ ഉടൻ തന്നെ ഗവർണർ സന്ദർശിക്കുമെന്നാണ് വിവരം.
English Summary: Clashes during Ram Navami in Bengal's Howrah