മോളെ കുത്തിയ കത്തികൊണ്ട് അവനെയും കൊന്ന് തെരുവുനായ്ക്കൾക്ക് ഇട്ടുകൊടുക്കണം: കണ്ണീരോടെ അമ്മ
Mail This Article
തിരുവനന്തപുരം∙ നെടുമങ്ങാട്ട് വിവാഹാഭ്യർഥന നിരസിച്ചതിന് സൂര്യഗായത്രിയെന്ന ഇരുപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണിന് വധശിക്ഷ തന്നെ നൽകണമായിരുന്നുവെന്ന് സൂര്യഗായത്രിയുടെ അമ്മ. ഈ വിധിയിൽ താൻ ഒട്ടും തൃപ്തയല്ല. സൂര്യഗായത്രിയെ കുത്താനുപയോഗിച്ച കത്തികൊണ്ടു തന്നെ പ്രതി അരുണിനെ കൊലപ്പെടുത്തി തെരുവുനായ്ക്കൾക്ക് ഇട്ടുകൊടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
സൂര്യഗായത്രി കൊലക്കേസിൽ അരുണിനു ജീവപര്യന്തം തടവുശിക്ഷയും 20 വർഷം കഠിനതടവും ആറു ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം ആറാം അഡിഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു ഉത്തരവിട്ടതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മ, കോടതിയ്ക്കു പുറത്ത് ഓട്ടോയിലിരുന്നാണ് ശിക്ഷാവിധിയോട് പ്രതികരിച്ചത്.
‘ഇവന് ജീവപര്യന്തം കൊടുത്താൽ പോരാ. ജീവപര്യന്തം കൊടുത്ത് ഇവന് ആഹാരവും നൽകി ജയിലിലിട്ടാൽ പോരാ. ഇവനെ ഒന്നുകിൽ വെടിവച്ചു കൊല്ലണം. അല്ലെങ്കിൽ തൂക്കിക്കൊല്ലണം. ഞാൻ മരിക്കുന്നതിനു മുൻപേ ഇതിൽ രണ്ടിലേതെങ്കിലും ഒന്ന് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.’ – അമ്മ പറഞ്ഞു.
‘‘ഈ ശിക്ഷയിൽ ഞാൻ തൃപ്തയല്ല. എന്റെ മുന്നിൽ ഇവനെ വെട്ടിയോ തൂക്കിയോ കൊല്ലുന്നത് എനിക്കു കാണണം. ഇവനെ ജീവനോടെ വെട്ടിയരിഞ്ഞ് തെരുവുനായ്ക്കൾക്ക് കൊടുക്കണമെന്നും ആഗ്രഹമുണ്ട്. അത് കൺമുന്നിൽ കാണണം. എനിക്ക് മറ്റാരും ആശ്രയമില്ല. എന്റെ പൊന്നുമോളുടെ ആശ്രയത്തിലാണ് ഞാൻ ജീവിച്ചിരുന്നത്. എന്തൊക്കെ തരാമെന്നു പറഞ്ഞാലും എന്റെ പൊന്നുമോൾ മനസ്സിൽനിന്ന് മായത്തുമില്ല, മറക്കാൻ എനിക്കു കഴിയത്തുമില്ല’ – അമ്മ പറഞ്ഞു.
English Summary: Mother Of The Victim Responds In Suryagayathri Murder Case