ADVERTISEMENT

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ട്വിറ്റർ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നു പറഞ്ഞ മസ്ക്, ഇന്ത്യയിൽ സമൂഹമാധ്യമ നിയമങ്ങൾ കർക്കശമാണെന്നും അഭിപ്രായപ്പെട്ടു.

‘‘ആ പ്രത്യേക സംഭവത്തെപ്പറ്റി (ബിബിസി ഡോക്യുമെന്ററി വിവാദം) എനിക്ക് അറിയില്ല. ഇന്ത്യയിൽ ചില ഉള്ളടക്കങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റിയും ധാരണയില്ല. സമൂഹമാധ്യമങ്ങളിൽ എന്തു പ്രത്യക്ഷപ്പെടണം എന്നതു സംബന്ധിച്ച് ഇന്ത്യയിലെ നിയമം കുറച്ചു കർക്കശമാണ്. രാജ്യത്തിന്റെ നിയമം മറികടക്കാൻ ഞങ്ങൾക്കാവില്ല. ജീവനക്കാർ ജയിലിൽ പോകണോ, നിയമങ്ങൾ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ, നിയമം പാലിക്കാനാണു തീരുമാനിക്കുക.’’– ബിബിസിയുടെ ട്വിറ്റർ സ്പേസസിനു നൽകിയ അഭിമുഖത്തിൽ ഇലോൺ മസ്ക് പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിയിൽ ആരോപിക്കുന്നത്. ഇതിന്റെ ലിങ്കുകളും ബന്ധപ്പെട്ട ഉള്ളടക്കങ്ങളും നീക്കം ചെയ്യാൻ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളോടു കേന്ദ്രസർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

English Summary: What Elon Musk Said On Twitter Taking Down Posts On BBC Series On PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com