പാക്കിസ്ഥാനിലെ പൂട്ടിട്ട കല്ലറ: റിപ്പോര്‍ട്ട് തെറ്റ്; വസ്തുത ഇങ്ങനെ
Mail This Article
ഹൈദരാബാദ്∙ പാക്കിസ്ഥാനില്‍ പെണ്‍മക്കളുടെ കല്ലറകള്‍ ദുരൂപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ഗ്രില്ലിട്ട് പൂട്ടുന്നെന്ന വാര്‍ത്ത വ്യാജം. പാക്കിസ്ഥാന്‍ മാധ്യമമായ ‘ദ് ഡെയ്‌ലി ടൈംസ്’ ആണ് ചിത്രം സഹിതം വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഡെയ്‍ലി ടൈംസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ ഹൈദരാബാദിലെ കല്ലറയുടെ ചിത്രമാണ് ഇതെന്നാണ് തുടര്‍ന്നുണ്ടായ വസ്തുതാപരിശോധനയില്‍ വ്യക്തമായത്. ഹൈദരാബാദില്‍ ഒരു കല്ലറയില്‍ മറ്റു മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു തടയുന്നതിനായി ഗ്രില്ലിട്ടിരിക്കുന്ന ചിത്രങ്ങളാണ് പാക്കിസ്ഥാനിലെ കല്ലറ എന്ന നിലയില്‍ പ്രചരിക്കപ്പെട്ടത്. ഓള്‍ട്ട്ന്യൂസ് ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ ആണ് ഇത് ഹൈദരാബാദിലെ കല്ലറയാണെന്ന് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതികരണങ്ങളും മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാന്‍ മുസ്‌ലിം ആക്ടിവിസ്റ്റ് ആയ ഹാരിസ് സുല്‍ത്താന്‍ ആണ് പാക്കിസ്ഥാനിലെ കല്ലറയുടെ ചിത്രമെന്നു വിശേഷിപ്പിച്ച് ഇതു ട്വീറ്റ് ചെയ്തത്. പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വരുന്നതായും ഹാരിസ് സുല്‍ത്താന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതാണ് ‘ദ് ഡെയ്‌ലി ടൈംസ്’ വാര്‍ത്തയാക്കിയത്
English Summary: Story On Pictures Of Padlock In Pakistan Incorrect, Grave From Hyderabad