ADVERTISEMENT

മലപ്പുറം ∙ 22 പേരുടെ ജീവൻ കവർന്ന താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട്ടു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസർ ഒളിവിൽ പോയിരുന്നു. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നാസറിന്റെ വാഹനം തിങ്കളാഴ്ച എറണാകുളത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹന പരിശോധനയ്‌ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവർ കൊച്ചിയിൽ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. നാസറിന്റെ മൊബൈൽ ഫോണും ‌ഇവരിൽ‌നിന്നു പിടിച്ചെടുത്തിരുന്നു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുക. താനൂർ ഡിവൈഎസ്പി കെ.വി. ബെന്നിക്കാണ് അന്വേഷണ ചുമതല. താനൂർ സിഐ ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ട്.

അപകടത്തിൽപെട്ട ബോട്ടിന്റെ നിർമാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ശക്തമാണ്. അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നാണു പ്രധാന ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്.

ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചനയുണ്ട്. ബോട്ടിനു ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണു പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.

English Summary: Tanur Boat Tragedy: Boat Owner Nazar Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com