‘ചിന്തിക്കാൻപോലും പറ്റില്ല, ഒരിക്കൽ മാത്രമുള്ള അവസരം’; ചെങ്കോൽ ശോഭയിൽ ജ്വല്ലറി കുടുംബം
Mail This Article
ചെന്നൈ ∙ ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന ‘സ്വർണ ചെങ്കോൽ’ ഞാറാഴ്ച പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ, ചെങ്കോല്‍ നിർമിച്ച വുമ്മിടി ബങ്കാരു ചെട്ടി കുടുംബത്തിന് ക്ഷണം. തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് 95 വയസ്സുള്ള വുമ്മിടി എതിർരാജു പറഞ്ഞു. ചെങ്കോൽ നിർമാണ സമയത്ത് എതിർരാജുവിന് 20 വയസ്സായിരുന്നു പ്രായം.
ചരിത്രത്തിന്റെ ഭാഗമായ, കുടുംബം നിർമിച്ച ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുന്നത് നേരിൽ കാണുക എന്നത് ചിന്തിക്കാൻപോലും പറ്റാത്തതാണെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും വുമ്മിടി ബങ്കാരു കുടുംബാംഗം പറഞ്ഞു. ചെങ്കോൽ എവിടെയെന്ന് ഇന്ത്യയിലെ പല മ്യൂസിയങ്ങള്‍ക്കും കത്തയച്ചു. മറുപടിയൊന്നും ലഭിച്ചില്ല. പിന്നീട് അലഹാബാദ് മ്യൂസിയത്തിന് കത്തയച്ചപ്പോൾ മറുപടി ലഭിച്ചു. അത് ഞങ്ങളുടെ ചെങ്കോൽ തന്നെയാണെന്ന് മനസ്സിലായി. അത് എന്താണെന്നും എന്തിനാണ് ഉപയോഗിച്ചതെന്നും വിവരിക്കുന്ന തമിഴ് ലിഖിതങ്ങൾ അതിലുണ്ടായിരുന്നുവെന്ന് വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സിന്റെ മാനേജിങ് പാർട്ണറായ അമരേന്ദ്രൻ വുമ്മിടി പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം, ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ എങ്ങനെ പ്രതീകവത്കരിക്കുമെന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജവാഹർലാൽ നെഹ്‌റുവിനോട് ചോദിച്ചു. ഇതിനായി അന്നത്തെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ ഉപദേശം നെഹ്‌റു തേടി. രാജാവ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ചോളഭരണകാലത്ത് പിന്തുടർന്ന പാരമ്പര്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കാമെന്ന് രാജഗോപാലചാരി നിർദേശിക്കുകയായിരുന്നു.
തുടർന്ന് ചെങ്കോൽ നിർമിക്കാനായി തമിഴ്‌നാട്ടിലെ ഏറ്റവും പഴയ ശൈവ മഠങ്ങളിലൊന്നായ തിരുവാവതുതുറൈയുമായി ബന്ധപ്പെട്ടു. അവിടത്തെ പുരോഹിതർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെങ്കോൽ നിർമിക്കാൻ അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇപ്പോൾ, വുമ്മിടി ബങ്കാരു ചെട്ടിയുടെ പിൻഗാമികളെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് ആദരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. 28നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റിൽ സ്വർണ ചെങ്കോൽ സ്ഥാപിക്കുക.
പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം. പ്രയാഗ്‌രാജിലെ (അലഹാബാദ്) മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചെങ്കോൽ ഡൽഹിയിലെത്തിച്ചു. ഇതിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രത്യേക വെബ്സൈറ്റ് ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. 1947 ഓഗസ്റ്റ് 14ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ നെഹ്റുവിനു കൈമാറിയത്.
പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസം ഈ ചടങ്ങുകൾ പുനഃസൃഷ്ടിക്കാനാണ് തീരുമാനം. 28നു രാവിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ചടങ്ങുകളുണ്ടാകും. ശേഷം, ഇവർ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെങ്കോൽ കൈമാറും. പ്രത്യേകം സജ്ജമാക്കിയ ഗ്ലാസ് ബോക്സിൽ മോദി അതു സ്ഥാപിക്കും.
English Summary: 'Sengol' Makers, Jeweller Family From Tamil Nadu, Land Big Invite