പുട്ടിനുമായി കൂടിക്കാഴ്ച; പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ആശുപത്രിയിൽ: വിഷമേറ്റെന്ന് സംശയം
Mail This Article
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെൻകോയെന്നാണ് 2020ൽ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.
അതേസമയം, വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് മാസികയായ ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്യുന്നു. ക്രെംലിൻ ലുക്കാഷെൻകോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. 1994 മുതൽ ലുക്കാഷെൻകോയാണ് ബെലാറൂസ് ഭരിക്കുന്നത്.
മേയ് 9ന് വിക്ടറി ഡേ ആഘോഷത്തിന് മോസ്കോയിലെ റെഡ് സ്ക്വയറിൽ ലുക്കാഷെൻകോയും എത്തിയിരുന്നു. ബെലാറൂസിൽ ആണവ മിസൈലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ലൂക്കാഷെൻകോ സർക്കാരും റഷ്യയും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പിട്ടിരുന്നു.
English Summary: Belarusian President Rushed To Hospital After Meeting With Putin: Report