കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് പൂർണമായും എത്തുന്നില്ല: മന്ത്രി ശോഭ കരന്തലജെ
Mail This Article
തിരുവനന്തപുരം∙ മോദിസർക്കാർ ഭരണത്തിന്റെ ഒൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നത് കേരളത്തേയും ചേർത്തു പിടിച്ചാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശോഭ കരന്തലജെ. എൻഡിഎ സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമപദ്ധതികൾ സംസ്ഥാനത്ത് പൂർണമായും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടികയും അക്കൗണ്ടുകളും ശരിയായ രീതിയിൽ കൈമാറാത്ത സംസ്ഥാന സർക്കാർ നടപടിയാണതിനു തടസം. ഒരു എംപിയോ എംഎൽഎയോ പോലും കേരളത്തിൽനിന്നു ബിജെപിക്കു കിട്ടിയില്ലെങ്കിലും വികസനത്തിൽ ഒരു അനീതിയും കേന്ദ്രസർക്കാർ കാണിച്ചിട്ടില്ല. വികസനം തുല്യമായി എല്ലായിടത്തും എത്തണമെന്ന നയം കൊണ്ടാണതെന്നും ശോഭ കരന്തലജെ പറഞ്ഞു. കേന്ദ്ര അവഗണനയെന്ന സംസ്ഥാന മന്ത്രിമാരുടെ ആക്ഷേപം കളവാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് സംസ്ഥാന മന്ത്രിമാരും ചില ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് കളവാണെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ജിഎസ്ടിയുമായി ബന്ധപ്പെട്ടതായാലും മറ്റു ഗ്രാൻഡുകളായാലും കേന്ദ്രസർക്കാർ കൃത്യസമയത്ത് തന്നെ കേരളത്തിനു നൽകുന്നുണ്ട്. കേരളത്തെ കടക്കെണിയിലാക്കിയ ഇടതു വലതു മുന്നണികൾക്കു ഭാരതത്തെ സാമ്പത്തിക ശക്തിയാക്കുന്ന കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ ധാർമിക അവകാശമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
English Summary: Central Minister Shobha Karandlaje on Central government projects in Kerala