ADVERTISEMENT

തിരുവനന്തപുരം∙ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കലക്ടര്‍മാരുടെയോ നേതൃത്വത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലമോ കെട്ടിടമോ കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ചു വയ്ക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ അഗ്നി സുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം. ഈ കേന്ദ്രത്തിന്‍റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. 

അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സമയനഷ്ടംകൂടാതെ പ്രാദേശികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത് ഗുണകരമാവും. ഇതിനാവശ്യമായ തുക ദുരന്തപ്രതികരണനിധിയില്‍നിന്ന് അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 3 ലക്ഷം രൂപയും കോര്‍പറേഷന് 5 ലക്ഷം രൂപ വരെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാനും സംഭരണകേന്ദ്രം ആരംഭിക്കുന്നതിനും ഈ വര്‍ഷം നടത്തുന്നതിനുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍നിന്ന് ആവശ്യാനുസരണം അനുവദിക്കും. കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്വരൂപിക്കണം. ഉപകരണങ്ങള്‍ വാങ്ങുന്നുവെങ്കില്‍ മഴക്കാലത്തിനു ശേഷം അഗ്നിസുരക്ഷാ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കണം. 

അതിതീവ്രമഴ ലഭിച്ചാല്‍  നഗരമേഖകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇവ നിരീക്ഷിക്കാന്‍ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾ അതിതീവ്രമഴ പെയ്താല്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊള്ളാന്‍ സാധ്യതയുള്ളവയാണ്. ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ, ഓപ്പറേഷന്‍ അനന്ത തുടങ്ങിയവയ്ക്ക് തുടര്‍ച്ചയുണ്ടാവണം. അവയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അടിയന്തര മുന്‍കരുതലുകള്‍ എടുക്കേണ്ടതുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്റുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കുന്ന പ്രവര്‍ത്തനം മഴയ്ക്ക് മുന്നോടിയായി പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

English Summary: CM Pinarayi Vijayan about precautionary measures to be taken for rainy season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com