ഇത് ദിവാകരന്റെ ആത്മകഥ, എന്റെയല്ല: ‘വിഎസ് പരാമർശ’ത്തിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സിപിഐ നേതാവ് സി.ദിവാകരന്റെ ആത്മകഥയിൽ പരാമർശിക്കുന്ന എല്ലാ കാര്യങ്ങളും തനിക്കു സ്വീകാര്യമാണോ എന്ന ചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് തന്റെ ആത്മകഥയല്ലെന്നും ദിവാകരന്റേതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദിവാകരന്റെ കാഴ്ചപ്പാടും വിലയിരുത്തലുമാണ് ഇതിൽ അവതരിപ്പിക്കുന്നത്. അതു തനിക്കു സ്വീകാര്യമാകുംവിധം ആകണമെന്നു താൻ നിഷ്കർഷിക്കുന്നതിൽ അർഥമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി ചിലർ ഈ പുസ്തകത്തെ മുൻനിർത്തി വിവാദമുണ്ടാക്കുന്നതുകൊണ്ടാണ് ഇതു പറയുന്നതെന്ന്, ദിവാകരന്റെ ആത്മകഥ ‘കനൽ വഴികളിലൂടെ’ പ്രകാശനം ചെയ്തുകൊണ്ടു പിണറായി പറഞ്ഞു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിരുത്താൻ ഗൂഢാലോചന നടന്നെന്ന ചിന്ത വി.എസ്.അച്യുതാനന്ദനെ അലട്ടിയെന്നും 500നും 1000ത്തിനും ഇടയിൽ വോട്ടിന് എൽഡിഎഫിനു നാലു സീറ്റ് നഷ്ടമായതിലെ രാഷ്ട്രീയ നിഗൂഢത ഇന്നും കേരളം ചർച്ച ചെയ്യുന്നുണ്ടെന്നും ദിവാകരന്റെ പുസ്തകത്തിൽ പരാമർശിച്ചിരുന്നു. ഇതു മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പിണറായിയുടെ പ്രസംഗം.
English Summary: Remark against VS in C Divakaran's Autobiography: CM Pinarayi Vijayan's indirect replay