‘സരിതയുടെ തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാനാണ് പറഞ്ഞത്; കമ്മിഷൻ എഴുതിവച്ചിരിക്കുന്നത് അതൊന്നുമല്ല’
Mail This Article
തിരുവനന്തപുരം∙ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അധമ റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. നിയമസഭയില്‍ വയ്ക്കാന്‍ പോലും കഴിയാത്ത റിപ്പോര്‍ട്ടാണത്. സരിത എസ്.നായരുടെ സാമ്പത്തിക തട്ടിപ്പിനെപ്പറ്റി മാത്രമാണ് അന്വേഷിക്കാന്‍ കമ്മിഷനോട് പറഞ്ഞത്. എന്നാല്‍ അതൊന്നുമല്ല എഴുതിവച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘‘ഒരുപാട് വ്യക്തികളെ പരാമർശിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ബന്ധങ്ങളെപ്പറ്റിയുള്ള വളരെ മോശമായ അധമമായ പല കാര്യങ്ങളും ആ റിപ്പോർട്ടിലുണ്ട്. അതൊന്നും ഒരു റിപ്പോർട്ട് ആയിട്ടോ കമ്മിഷൻ ആയിട്ടോ അംഗീകരിക്കാൻ പറ്റില്ല.’’– ദിവാകരൻ പറഞ്ഞു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ അഞ്ചുകോടി രൂപ കൈപ്പറ്റിയത് ഫീസ് എന്ന നിലയിലാണെന്ന തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്നും സി.ദിവാകരന്‍ തിരുവനന്തപുരത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
സോളർ അഴിമതിയാരോപണങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ നാലോ അഞ്ചോ കോടി വാങ്ങിച്ച് ‘കണാ കുണാ’ റിപ്പോർട്ട് എഴുതി നൽകുകയായിരുന്നുവെന്നാണ് മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി.ദിവാകരൻ ആരോപിച്ചത്. ഉമ്മൻചാണ്ടി തന്നെ വച്ച ജുഡീഷ്യൽ കമ്മിഷൻ അദ്ദേഹത്തിന് എതിരുമായെന്നും ദിവാകരൻ പറഞ്ഞു.
English Summary: C.Divakaran about solar commission report