ADVERTISEMENT

ന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനത്തിനു പിന്നാലെ, ബിജെപിയോടു കൂട്ടുകൂടാനൊരുങ്ങി ജെഡിഎസ്. 2024ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യത്തിനു തയാറാണെന്നു ബിജെപി നേതൃത്വത്തെ ജെഡിഎസ് അറിയിച്ചതായാണു റിപ്പോർട്ട്. മുൻ സഖ്യകക്ഷി കൂടിയായ ജെഡിഎസ് വരുന്നതു ബിജെപിയുടെ കരുത്ത് കൂട്ടിയേക്കുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ കർണാടകയിലെ 28 ലോക്സഭാ സീറ്റിൽ ഒരെണ്ണത്തിൽ മാത്രമാണു ജെഡിഎസ് ജയിച്ചത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ‘കിങ് മേക്കർ’ ആകുമെന്നു പ്രതീക്ഷിച്ചെങ്കിലും മികച്ച പ്രകടനമുണ്ടായില്ല. കോൺഗ്രസാണു വൻ ഭൂരിപക്ഷത്തിൽ സർക്കാരുണ്ടാക്കിയത്. 224 സീറ്റുകളിൽ 19 ഇടത്തു മാത്രമായിരുന്നു ജെഡിഎസിന്റെ വിജയം.

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും മകനും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയും നയിക്കുന്ന ജെഡിഎസിനു കോൺഗ്രസിനുമേൽ വിജയം നേടണമെന്നാണ് ആഗ്രഹം. അതിനാണു ബിജെപിയെ കൂട്ടുപിടിക്കുന്നതെന്നാണു നിഗമനം. 2006ൽ ബിജെപിയും ജെഡിഎസും സഖ്യമുണ്ടാക്കിയിരുന്നു. കുമാരസ്വാമി മുഖ്യമന്ത്രിയും ബി.എസ്.യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയുമായി. അധികാരം പങ്കുവയ്ക്കാൻ ജെഡിഎസ് തയാറാകാതിരുന്നതോടെ സഖ്യം തകർന്നു.

എച്ച്.ഡി. കുമാരസ്വാമി (Photo - Twitter/@hd_kumaraswamy)
എച്ച്.ഡി. കുമാരസ്വാമി (Photo - Twitter/@hd_kumaraswamy)

പ്രതിപക്ഷ കക്ഷികളെല്ലാം ബിജെപിയെ കടന്നാക്രമിക്കുമ്പോഴും സമീപകാലത്ത് ജെഡിഎസ് പ്രതികരണങ്ങൾ മയപ്പെടുത്തിയത് പരസ്പരം അടുക്കുന്നതിന്റെ സൂചനയാണെന്നാണു വിലയിരുത്തൽ. ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്നാണു പ്രതിപക്ഷ ആവശ്യം. ദുരന്തസ്ഥലത്ത് അശ്വിനി വൈഷ്ണവ് ഇടവേളയില്ലാതെ ജോലി ചെയ്തെന്നും ഇപ്പോൾ രാജി ആവശ്യപ്പെടുന്നതു ശരിയല്ലെന്നുമാണു ദേവെഗൗഡ പറഞ്ഞത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബ‍ഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം വിട്ടുനിന്ന ചടങ്ങിൽ ദേവെഗൗഡയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മാസം 91–ാം പിറന്നാൾ ആഘോഷിച്ച ദേവെഗൗഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നതും രാഷ്ട്രീയസഖ്യത്തിനുള്ള പാലമായെന്നാണു നിരീക്ഷണം.

English Summary: A Former Ally Leans Towards BJP, Snubs Opposition Unity Moves For 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com