‘ആ പ്രേമം തകർത്തത് മാധ്യമങ്ങൾ; ഞാൻ സിംഗിളായി നിൽക്കുന്നതാണ് അവർക്കിഷ്ടം’
Mail This Article
ലണ്ടൻ ∙ മുൻ കാമുകിയും സിംബാബ്‌വെ ബിസിനസുകാരിയുമായ ചെൽസി ഡേവിയുമായുള്ള തന്റെ ബന്ധം തകരാൻ കാരണം മാധ്യമങ്ങളാണെന്ന് ആരോപിച്ച് ഹാരി രാജകുമാരൻ. ബ്രിട്ടനിലെ ടാബ്ലോയിഡുകൾക്ക് താനെപ്പോഴും ഒറ്റയായി നിൽക്കുന്നതു കാണാനാണു താൽപര്യം. മിറർ ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് ലിമിറ്റഡിന് (എംജിഎൻ) എതിരായ കേസിലെ സത്യവാങ്മൂലത്തിലാണു ബ്രിട്ടിഷ് രാജകുടുംബാംഗമായ ഹാരിയുടെ കുറ്റപ്പെടുത്തൽ.
‘‘മാധ്യമങ്ങളുടെ സൂക്ഷ്മ പരിശോധനയാണു ചെൽസി ഡേവിയുമായുള്ള പ്രണയം തകരാൻ ഇടയാക്കിയത്. ഞാൻ എപ്പോഴൊക്കെ പ്രേമബന്ധത്തിലായാലും വിശദമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കു അതീവശ്രദ്ധയാണ്. വളരെ പെട്ടെന്നുതന്നെ ബന്ധം മോശമാക്കാനുള്ള ശ്രമവും അവർ തുടങ്ങും. കൂടുതൽ പത്രം വിൽക്കാനായി, ഞാൻ സിംഗിൾ ആയി നിൽക്കുന്നതാണു ടാബ്ലോയിഡുകൾക്കു താൽപര്യമെന്നാണു തോന്നിയിട്ടുള്ളത്. വിവാഹിതനായി കുടുംബജീവിതം നയിക്കുമ്പോഴും മാധ്യമനിലപാടിൽ മാറ്റമില്ല.’’– ഹാരി വ്യക്തമാക്കി.
ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള അനധികൃത മാർഗങ്ങളിലൂടെ സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾ കൈക്കലാക്കി പ്രസിദ്ധപ്പെടുത്തിയെന്നാണു ഹാരിയുടെ ആരോപണം. മിറർ ഗ്രൂപ്പ് ന്യൂസ്‌പേപ്പറുമായുള്ള കേസിന്റെ വിചാരണ ലണ്ടൻ ഹൈക്കോടതിയിൽ രണ്ടാംദിവസവും തുടർന്നപ്പോഴായിരുന്നു വെളിപ്പെടുത്തൽ. 2004 തുടക്കം മുതൽ 2010 പകുതി വരെയാണു ഹാരിയും ഡേവിയും അടുപ്പത്തിലായിരുന്നത്. ഈ സമയത്തു രണ്ടുപേരുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്നു ഹാരി പറയുന്നു.
നൂറ്റാണ്ടിനിടെ, തെളിവു നൽകാനായി കോടതിയിൽ ഹാജരാകുന്ന ബ്രിട്ടിഷ് രാജകുടുംബത്തിലെ ആദ്യ അംഗമാണ് ഹാരി രാജകുമാരൻ. 100 വർഷത്തിലേറെയായി രാജകുടുംബാംഗങ്ങൾ കോടതിയിൽ കയറിയിട്ടില്ലെന്ന ചരിത്രമാണു ഹാരി തിരുത്തിയത്. ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ മകനായ ഹാരിയും കുടുംബവും രാജകീയ പദവികൾ ഉപേക്ഷിച്ച് യുഎസിലെ കലിഫോർണിയയിലാണു താമസം. മാധ്യമങ്ങൾ തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ചില മാധ്യമങ്ങളുടെ കയ്യിൽ ചോരക്കറയുണ്ടെന്നും ഹാരി ആരോപിച്ചിരുന്നു.
English Summary: Phone hacking case: Prince Harry blames press for break-up with girlfriend Chelsy Davy