ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയക്കേസിൽ ജയിലിലുള്ള ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയെക്കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീരണിഞ്ഞ് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാൾ. ഡൽഹിയിൽ ഒരു പുതിയ സ്കൂളിന്റെ ഉദ്ഘാടനത്തിനിടെയാണ്, സിസോദിയയെ ‘മിസ് ചെയ്യുന്നു’ എന്ന് വ്യക്തമാക്കി കേജ്‍രിവാൾ കണ്ണീരണിഞ്ഞത്. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സിസോദിയയുടെ സ്വപ്നമായിരുന്നുവെന്നും കേജ്‍രിവാൾ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ജയിലിൽ കഴിയുന്ന സിസോദിയ, പലതവണ ജാമ്യത്തിനു ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു.

‘‘ഇതെല്ലാം തുടങ്ങിവച്ചത് മനീഷ് ജിയാണ്. ഓരോ കുട്ടിക്കും സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഡൽഹിയിൽ നല്ല സ്കൂളുകൾ നിർമിക്കുകയും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിന്റെ ജയിലിലിട്ടിരിക്കുന്നത്’ – കണ്ണീർ തുടച്ചുകൊണ്ട് കേജ്‍രിവാൾ പറഞ്ഞു.

‘‘വിദ്യാഭ്യാസ രംഗത്ത് എഎപി സർക്കാർ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങൾ മുളയിലേ നുള്ളാനാണ് ബിജെപിയുടെ ശ്രമം. അത് ഒരു കാരണവശാലും ഞങ്ങൾ അംഗീകരിച്ചു കൊടുക്കില്ല’ – കേജ്‌രിവാൾ പറഞ്ഞു.

രോഗിയായ ഭാര്യയെ കാണാൻ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി സിസോദിയയ്ക്ക് അനുവാദം നൽകിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുത് എന്നതുൾപ്പെടെയുള്ള ഉപാധികളോടെ, ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ഇതനുസരിച്ച് സിസോദിയ ശനിയാഴ്ച രാവിലെ എത്തിയെങ്കിലും, രോഗം വഷളായതോടെ അതിനു മുൻപേ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇതോടെ ഭാര്യയെ കാണാനാകാതെ സിസോദിയ മടങ്ങി.

ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷം മാർച്ച് ഒൻപതിന് അതേ കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു.

English Summary: "This Was His Dream": Arvind Kejriwal Tears Up, Says Missing Manish Sisodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com