ലോക കേരള സഭ: യുഎസ് മേഖലാ സമ്മേളനം വെള്ളിയാഴ്ച മുതൽ; ഉദ്ഘാടകൻ പിണറായി
Mail This Article
തിരുവനന്തപുരം∙ ലോക കേരള സഭയുടെ യുഎസ് മേഖലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവുമാണ് കേരളത്തിൽനിന്ന് എത്തുന്നത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലോക കേരളാ സഭ ഡയറക്ടർ കെ.വാസുകി എന്നിവർ ഉദ്യോഗസ്ഥ സംഘത്തിലുണ്ട്.
ജൂൺ 9, 10, 11 തീയതികളിലാണ് സമ്മേളനം. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനുശേഷം അമേരിക്കൻ മലയാളികളുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി, ടൈംസ് സ്ക്വയറിൽ സദസ്സിനെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ലോക കേരള സഭയുടെ പ്രധാന സെഷനുകൾ. കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും.
നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന ‘അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചർച്ചയ്ക്കെടുക്കും. ജോൺ ബ്രിട്ടാസ് എംപി ‘നവകേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. ‘മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി.പി.ജോയ് ആണ്.
ലോക കേരള സഭാ ഡയറക്ടർ കെ.വാസുകി ‘മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിക്കും. ഈ വിഷയങ്ങളിൽ പ്രതിനിധികൾ അവരുടെ നിർദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്കുശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.
English Summary: CM Pinarayi Vijayan will inaugurate Loka Kerala Sabha regional conference at US