ADVERTISEMENT

പാലക്കാട്∙ ഗോത്ര ഊരുകളിലെ സൗകര്യം നേരിട്ടറിയാൻ പാലക്കാട് ജില്ലാ കലക്ടർ അട്ടപ്പാടിയിൽ സന്ദർശനം നടത്തി. പാലക്കാട് കലക്ടർ ഡോ.എസ്.ചിത്രയാണ് അട്ടപ്പാടിയിലെ വിവിധ ഊരുകളിലേക്ക് സാഹസികമായി എത്തിയത്. ഊര് മൂപ്പൻമാരുടെ നിർദേശങ്ങൾ ഉൾപ്പെടെ കേട്ട് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടിക കലക്ടർ നേരിട്ട് തയാറാക്കി. അട്ടപ്പാടി വനത്തിൽ ആനവായ് ഗോത്ര മേഖലയിലെ മേലെ തൊഡ്കി, താഴെ തൊഡ്കി, ഗലസി ഊരുകളിലെ ദുരിതവും പരാതികളുമറിയാനാണ് കലക്ടർ ഡോ.എസ് ചിത്ര മല കയറിയത്. 

മുന്നറിയിപ്പുകളില്ലാതെ അപ്രതീക്ഷിതമായിരുന്നു യാത്ര. മുക്കാലിയിൽ നിന്ന് വാഹനത്തിൽ മണൽപടിക വരെ. പിന്നെ കാട്ടുവഴിയും കാട്ടരുവിയും താണ്ടി 6 കിലോമീറ്റർ പദയാത്ര. പൊലീസും വനപാലകരും പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. വഴി, വീട്, വന്യമൃഗശല്യം ഇതൊക്കെയായിരുന്നു പ്രധാന പരാതികൾ. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തുന്ന രോഗികളെ പാലക്കാട്ടേക്കും തൃശൂർക്കും അയക്കുന്ന പതിവ് ഒഴിവാക്കണമെന്ന് ഊരുകാർ ആവശ്യപ്പെട്ടു. 

കുട്ടികളുടെ പഠനവും ആരോഗ്യ കാര്യങ്ങളുമായിരുന്നു ഡോക്ടർ കൂടിയായ കലക്ടർക്ക് അറിയേണ്ടിയിരുന്നത്. മൂന്ന് ഊരുകളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുറുമ്പ ഗോത്ര വിഭാഗക്കാരായ നൂറോളം കുടുംബങ്ങളുണ്ട്. ഇവരുടെ ആവശ്യങ്ങൾ കലക്ടർ നേരിട്ട് കേട്ടു. പ്രശ്ന പരിഹാരത്തിന് അടിയന്തര നിർദേശങ്ങളും കലക്ടർ ഉദ്യോഗസ്ഥർക്ക് കൈമാറി. നേരിട്ട് മനസിലാക്കിയ കാര്യങ്ങളിൽ നീതിയുക്തമായ നടപടി ഉറപ്പ് നൽകിയാണ് കലക്ടർ മടങ്ങിയത്.

English Summary: Palakkad Collector visits Attappadi tribal villages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com