ADVERTISEMENT

മുംബൈ ∙ ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ചതിന് മുംബൈയിൽ അറസ്റ്റിലായ മനോജ് സാനെ (56) എച്ച്ഐവി ബാധിതനെന്ന് വെളിപ്പെടുത്തൽ. മനോജ് സാനെ തന്നെയാണ് ഇക്കാര്യം പൊലീസിനോടു പറഞ്ഞത്. ഇക്കാര്യം തിരിച്ചറിഞ്ഞ‌ശേഷം സരസ്വതി വൈദ്യയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും മനോജ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

വിവാഹം കഴിക്കാൻ സരസ്വതി നിർബന്ധിച്ചിരുന്നെങ്കിലും, അവളുടെ ജീവിതം തകർക്കാൻ താൽപര്യമില്ലാത്തതിനാൽ വഴങ്ങിയില്ലെന്നാണ് മനോജ് സാനെയുടെ നിലപാട്. ‘‘സരസ്വതിയുമായി അടുപ്പത്തിലായിരുന്നെങ്കിലും ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നാണ് പ്രതിയുടെ നിലപാട്. മനോജ് സാനെയുടെ സ്വഭാവത്തിൽ സരസ്വതിക്ക് പല സംശയങ്ങളുമുണ്ടായിരുന്നു. മനോജ് സാനെയ്ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു’ – പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം സരസ്വതിയുമായി വഴക്കുണ്ടായെന്നും, തുടർന്ന് അവർ വിഷം കഴിച്ചെന്നുമാണ് സാനെ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കേസിൽ കുടുങ്ങുമെന്ന ഭയത്താലാണ് സരസ്വതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാൻ ശ്രമിച്ചതെന്നു പറഞ്ഞ സാനെ, അനാഥയായതിനാൽ ആരും സരസ്വതിയെ അന്വേഷിച്ചു വരില്ലെന്നാണ് കരുതിയതെന്നും വെളിപ്പെടുത്തി. പ്രതിയുടെ മൊഴികൾ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സരസ്വതിയുടെ മൃതദേഹം 20 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച കേസിൽ മനോജ് സാനെയെ അറസ്റ്റ് ചെയ്തത്. മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ അറിയിച്ചതിനു പിന്നാലെ പൊലീസ് പൂട്ട് തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിഞ്ഞത്.

തെളിവു നശിപ്പിക്കുന്നതിനായി പ്രതി മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾക്ക് ഭക്ഷണമായി നൽകിയെന്ന് സൂചനയുണ്ട്. സാനെ പതിവില്ലാതെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടിരുന്നതായി അയൽക്കാർ നൽകിയ മൊഴിയാണ് സംശയത്തിനു കാരണം. മൃതദേഹ ഭാഗങ്ങളിൽ ചിലത് സമീപത്ത് അഴുക്കുചാലിൽ ഒഴുക്കിയതായും സൂചനയുണ്ട്. സരസ്വതിയുടെ മൃതദേഹ ഭാഗങ്ങളിൽ ചിലത് മനോജ്, പ്രഷർ കുക്കറിലിട്ട് വേവിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

English Summary: Manoj Sahni Says He's HIV+, Had Platonic Relationship With Victim: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com