ADVERTISEMENT

ബെംഗളൂരു ∙ അധികാരത്തിൽ കയറിയതിനു പിന്നാലെ, കഴിഞ്ഞ ബിജെപി സർക്കാർ വരുത്തിയ മാറ്റങ്ങൾ ഓരോന്നായി പൊളിച്ചുകൊണ്ടിരിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ. പാഠപുസ്തകങ്ങളും ഇക്കൊല്ലം തന്നെ തിരുത്തി പുറത്തിറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് നേരത്തേ കോൺഗ്രസ് ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായി ഉൾപ്പെടുത്തിയ പാഠങ്ങളാണ് പുതിയ സർക്കാർ തിരക്കിട്ട് നീക്കം ചെയ്യുന്നത്.

ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും (ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ)
ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും (ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ)

ഇക്കൊല്ലം മാറ്റാൻ സാധിക്കാത്ത പാഠങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് അധ്യാപകർക്കു നിർദേശം നൽകാനാണ് സർക്കാർ നീക്കം. പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ ഉൾപ്പെടെ വിവാദമായ പല പരിഷ്കാരങ്ങളും നിയമങ്ങളും ഓരോന്നായി കോൺഗ്രസ് പൊളിച്ചെഴുതുകയാണ്. ബിജെപി ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകുകയാണ് സിദ്ധരാമയ്യ സർക്കാർ.

‘മാറ്റം വിദ്യാർഥികളുടെ താൽപര്യപ്രകാരം’

വിദ്യാർഥികളുടെ താൽപര്യം മാനിച്ചാണ് പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. പരിഷ്കരിച്ച പുസ്തകങ്ങൾ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്. തിരഞ്ഞെടുപ്പു പ്രകടന പത്രികയിലും ഇക്കാര്യം ഉൾപ്പെടുത്തിയതാണ്. കുട്ടികളുടെ താൽപര്യപ്രകാരം പാഠപുസ്തകങ്ങൾ പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. പാഠപുസ്തകങ്ങൾ പലയിടത്തും വിതരണം ചെയ്തതിനാൽ ഈ വർഷം പരിഷ്കരണം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വർഷം തന്നെ പരിഷ്കരണം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. മുൻപും പലവട്ടം ഇത്തരത്തിൽ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വർഷം ആരംഭിച്ചതേയുള്ളു. വിദ്യാർഥികൾ പാഠപുസ്തകങ്ങളിലേക്ക് കടന്നിട്ടില്ല. അതിനാൽ സാധ്യമായതെല്ലാം ചെയ്യും. പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്ത പാഠങ്ങൾ പുസ്തകത്തിലുണ്ടെങ്കിൽ അവ പഠിപ്പിക്കേണ്ടതില്ലെന്ന് അധ്യാപകർക്ക് നിർദേശം നൽകും’’– ബംഗാരപ്പ പറഞ്ഞു.

കർണാടകയിൽ പിസിസി ഓഫിസിനു മുന്നിൽ തിങ്ങിനിറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ചിത്രം. വിഷ്ണു വി.നായർ
കർണാടകയിൽ പിസിസി ഓഫിസിനു മുന്നിൽ തിങ്ങിനിറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. ചിത്രം. വിഷ്ണു വി.നായർ

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമെന്നും പാഠപുസ്തകങ്ങളിൽ ബിജെപി വരുത്തിയ മാറ്റങ്ങൾ നീക്കം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽത്തന്നെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ആർഎസ്എസ്, ബിജെപി ചിന്താഗതികൾ കുട്ടികളിലേക്ക് പാഠപുസ്തകങ്ങളിലൂടെ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

മാറ്റങ്ങൾ എന്തെല്ലാം

ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിനു തുടക്കമിട്ടത്. പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച് കോൺഗ്രസും ചില എഴുത്തുകാരും രംഗത്തെത്തി. പ്രമുഖരായ പല സ്വാതന്ത്ര്യ സമര സേനാനികളെയും എഴുത്തുകാരെയും പറ്റിയുള്ള പരാമർ‌ശങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കുകയും 12 ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സമൂഹിക പരിഷ്കർത്താവ് ബസവണ്ണയെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാർ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ (Photo-Twitter/INCIndia)
പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാർ, രാഹുൽ ഗാന്ധി, സിദ്ധരാമയ്യ (Photo-Twitter/INCIndia)

കവി കുവെമ്പുവിനെ അപമാനിക്കുന്ന തരത്തിലുള്ള പാഠഭാഗങ്ങളും ഉൾപ്പെട്ടിരുന്നു. കോൺഗ്രസും എഴുത്തുകാരും പ്രതിഷേധം ഉയർത്തിയതോടെ ഈ പാഠഭാഗങ്ങളിൽ ചിലതൊക്കെ മാറ്റാൻ ബിജെപി സർക്കാർ തയാറായിരുന്നു. എന്നാൽ മിക്കതും മാറ്റം വരുത്താതെ തുടർന്നു പോന്നു. ഇപ്പോൾ ആർഎസ്എസ്, ബിജെപി ആശയങ്ങളുടെ പ്രചാരണത്തിനു സഹായകമാകുമെന്നു തോന്നുന്ന എല്ലാ ഭാഗങ്ങളും നീക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഗോവധ നിരോധന നിയമവും പുനഃപരിശോധിക്കും

ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും ഇത് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമം പുനഃപരിശോധിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. നിയമത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത, 12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗോവധ നിരോധന നിയമം പുനഃപരിശോധിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നു ബിജെപി പ്രഖ്യാപിച്ചിരുന്നു. സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചു. പ്രായമായ കാളകളെ കൊല്ലാമെങ്കിൽ പശുക്കളെ കൊല്ലുന്നതിൽ പ്രശ്നമില്ലെന്ന മൃഗസംരക്ഷണ മന്ത്രി കെ. വെങ്കിടേഷിന്റെ പ്രസ്താവനയും ബിജെപിയെ പ്രകോപിപ്പിച്ചു.

രൺദീപ് സിങ് സുർജേവാല, സിദ്ധരാമയ്യ, മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാർ, കെ.സി.വേണുഗോപാൽ
രൺദീപ് സിങ് സുർജേവാല, സിദ്ധരാമയ്യ, മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാർ, കെ.സി.വേണുഗോപാൽ

ഗോവധ നിരോധന നിയമം കർണാടകയുടെ വികസനത്തിനു തടസ്സമായെന്നും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും കോൺഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖർഗെയും പറഞ്ഞു. ഈ നിഗമനം കോൺഗ്രസിന്റേതല്ല, ബിജെപി സർക്കാരിന്റെ സമയത്തെ ധനവകുപ്പിന്റേതാണെന്നും പ്രിയങ്ക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക – സാമൂഹിക വളർച്ചയ്ക്കു തടസ്സമാകുന്ന ഗോവധ നിരോധന നിയമം, ഹിജാബ് നിയമം തുടങ്ങിയവയുൾപ്പെടെ ബിജെപി കൊണ്ടുവന്ന പിന്തിരിപ്പൻ നിയമങ്ങൾ ഇല്ലാതാകുമെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക് പറഞ്ഞു. ഗോവധ നിരോധന നിയമം ബിജെപിയുടെ നാഗ്‍‌പുരിലെ മേധാവിമാരെ സന്തോഷിപ്പിക്കാൻ മാത്രമുള്ളതായിരുന്നെന്നും കർഷകരോ വ്യാപാര മേഖലയോ അതിൽ സന്തുഷ്ടരായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീക്കുമോ ഹിജാബ് നിരോധനം ?

ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യ
ഡി.കെ.ശിവകുമാർ, സിദ്ധരാമയ്യ

കർണാടകയിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഹിജാബ് നിരോധനം റദ്ദക്കാൻ കോൺഗ്രസ് സർക്കാർ തയാറാകുമോ എന്നാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം. അധികാരത്തിലെത്തിയാൽ ഹിജാബ് നിരോധനം നീക്കുമെന്ന് പിസിസി അധ്യക്ഷൻ ഡി.െക.ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉപമുഖ്യമന്ത്രിയായ ശേഷം ഹിജാബ് നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ശിവകുമാർ തയാറായില്ല. ഇതിനിടെയാണ് ഹിജാബ് നിരോധനം മാറ്റുമെന്ന് പ്രിയങ്ക് ഖർഗെ പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനാണ് കർണാടക മന്ത്രിയായ പ്രിയങ്ക്. ആംനസ്റ്റി ഇന്റർനാഷനൽ മുതൽ ഭീകര സംഘടനയായ അൽഖായിദ വരെ കർണാടകയിലെ ഹിജാബ് നിരോധനത്തിൽ പ്രതികരിച്ചിരുന്നു. അതുകൊണ്ടുതന്നെ ആഗോള ശ്രദ്ധയാകർഷിച്ച ഈ പ്രശ്നത്തിൽ കോൺഗ്രസ് സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.

English Summary: Karnataka Congress government to review the previous BJP government's controversial decisions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com