ADVERTISEMENT

ന്യൂയോർക്ക്∙ തന്റെ ചുറ്റുംനിൽക്കുന്നവർ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചത്. ‘‘സമ്മേളനത്തിൽ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോൺസർഷിപ് ആദ്യമായാണോ?. ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത്’’ – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കൻ മേഖലാസമ്മേളനത്തെ സർക്കാർ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ‘‘മുൻ സമ്മേളനങ്ങളിലെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ സംവിധാനമൊരുക്കി. റവന്യു വകുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉന്നയിക്കാൻ പ്രവാസി മിത്രം പോർട്ടൽ നടപ്പാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്. തിരികെയെത്തിയവർക്കും നിലവിൽ വിദേശത്ത് ഉള്ളവർക്കും പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പ്രവാസികളുടെ വിവരശേഖരണത്തിനു ഡിജിറ്റൽ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണ്. ഡിജിറ്റൽ സർവകലാശാലയുമായി ചേർന്ന് നോർക്ക റൂട്‌സ് നിർമിക്കുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. പ്രവാസികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് സംവിധാനമൊരുക്കലും  അവസാനഘട്ടത്തിലാണ്.

ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു
ലോക കേരള സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു

കൊച്ചു കേരളം, ലോക കേരളമായി വളർന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക കേരളസഭയ്ക്കു രൂപം നൽകിയത്. അതിലൂടെ ലോകത്താകെയുള്ള കേരളീയർക്കും കേരള സർക്കാരിനും പരസ്പരം ആശയവിനിമയം നടത്താനും പൊതുതാൽപര്യമുള്ള മേഖലകളിൽ സഹകരിക്കാനും ഉള്ള ഒരു ഔദ്യോഗിക സംവിധാനമാണ് ഒരുക്കിയത്. പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരിയുടെയും യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഒക്കെ ഘട്ടങ്ങളിൽ ലോക കേരളസഭയുടെയും അതിലൂടെ കേരള സർക്കാരിന്റെയും കരുതൽ സ്പർശം അനുഭവിച്ചവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികൾ. മുൻ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത 11 വിഷയങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

തിരികെയെത്തിയ പ്രവാസികൾക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എൻഡിപ്രേം വഴി 6,600ൽ അധികം സംരംഭങ്ങൾ തുടങ്ങാനായി. കോവിഡ് സമയത്ത് തൊഴിൽ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികൾക്കായി 'പ്രവാസി ഭദ്രത' പുനരധിവാസ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ വഴിയും ബാങ്കുകൾ വഴിയും സബ്‌സിഡി വായ്പകൾ നൽകി. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 14,166 സംരംഭങ്ങൾ തുടങ്ങി. ശാരീരികവും സാമ്പത്തികവുമായ അവശതകൾ നേരിടുന്ന, തിരികെയെത്തിയ 24,600ൽപ്പരം പ്രവാസികൾക്കായി കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 151 കോടി രൂപ ചെലവഴിച്ചു. റിക്രൂട്ട്‌മെന്റ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനായി 2023 മാർച്ചിൽ വിവിധ വിദേശ ഭാഷകളിൽ പരിശീലനം നൽകുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് പ്രവർത്തനം ആരംഭിച്ചു. പ്രവാസികൾക്കും തിരികെയെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ സജ്ജമാക്കി. നിലവിൽ 136 സംരംഭങ്ങളാണ് ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ ആരംഭിച്ചിട്ടുള്ളത്. നിലവിൽ 85 സംരംഭകർക്കു പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. 11ന് യുഎസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രിക്കു പുറമേ, സ്‌പീക്കർ എ.എൻ.ഷംസീർ, ഡയമണ്ട് സ്‌പോൺസറും ഫൊക്കാന പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫൻ, നോർക്ക റൂട്‌സ് ഡയറക്ടറും മേഖലാ സമ്മേളനത്തിന്റെ ചീഫ് കോർഡിനേറ്ററുമായ ഡോ.എം. അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിക്കും.

English Summary: Pinarayi Vijayan speaks in Loka Kerala Sabha Regional meet at Newyork

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com