ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോഡെന്ന് ബൈഡൻ: സമൂഹമാധ്യമങ്ങളിൽ പരിഹാസം
Mail This Article
വാഷിങ്ടൻ∙ പസിഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോഡ് നിർമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ സംസാരിക്കവേയാണ് ബൈഡന്റെ അബദ്ധ പ്രസ്താവന.
‘‘പസിഫിക്കിൽനിന്നു തുടങ്ങി ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽ റോഡ് നിർമിക്കാൻ ഞങ്ങൾക്കു പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് അങ്കോളയിൽ നിർമിക്കാനും പദ്ധതിയുണ്ട്’’– വൈറ്റ് ഹൗസ് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തിരിക്കുന്ന ജോ ബൈഡന്റെ പ്രസംഗത്തിലെ വരികളാണിത്. പ്രസംഗത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈഡന്റെ വിമർശകരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതിനകം പത്തുലക്ഷത്തിലേറെ പേർ അവ കണ്ടുകഴിഞ്ഞു.
പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ കടുത്ത കടുത്ത പരിഹാസവും വിമർശനവുമുയരുന്നുണ്ട്. ‘ശക്തമായ തുടക്കം’ എന്നായിരുന്നു ചിലരുടെ പരിഹാസം. ‘മുത്തച്ഛനെ ബെഡിൽ കിടത്തൂ’ എന്നായിരുന്നു മിസോറി സെനറ്റർ ജോഷ് ഹാവ്‍ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേൽ മറോൺ ട്വീറ്റ് ചെയ്‍തത്. ‘എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്കു ട്രെയിനിൽ പോകാൻ കാത്തിരിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
കുറച്ചു മാസങ്ങൾക്കു മുൻപ് കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തില്‍ ബൈഡൻ അബദ്ധത്തിൽ ചൈനയെ പ്രശംസിച്ചതും വിമർശനങ്ങൾക്കും പരിഹാസത്തിനും ഇടയാക്കിയിരുന്നു.
English Summary: Joe Biden says plan to build railroad zcross Indian Ocean