‘നാശത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കും’: ഭര്‍തൃ വീട്ടില്‍ മന്ത്രവാദം, പീഡനം; 4 പേർക്കെതിരെ കേസ്
Mail This Article
കൽപറ്റ ∙ വാളാട് സ്വദേശിനിയായ 19 വയസ്സുകാരി കൂളിവയലിലെ ഭര്‍തൃവീട്ടില്‍ മന്ത്രവാദത്തിന്റെ പേരില്‍ ശാരീരിക-മാനസിക പീഡനത്തിനു ഇരയായ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഴുവന്‍ കുറ്റക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ആവശ്യപ്പെട്ടു. ഒൻപതുമാസം മുമ്പ് വിവാഹിതയായ യുവതിക്കാണ് ഭര്‍തൃഗൃഹത്തില്‍ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം അനുഭവിക്കേണ്ടി വന്നതായാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്.
നാശത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നു പറഞ്ഞാണ് യുവതിയെ മന്ത്രവാദത്തിനു വിധേയയാക്കിയത്. ഇതിനെ എതിര്‍ത്തപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളില്‍ ചിലരും മർദിച്ചു. മന്ത്രവാദത്തിനു വീട്ടില്‍ പ്രത്യേകം മുറിയൊരുക്കിയിരുന്നു. എതിര്‍ക്കുമ്പോള്‍ വലിച്ചിഴച്ചാണ് മുറിയില്‍ എത്തിച്ചിരുന്നത്. അപരിചിതര്‍ക്കൊപ്പം നിലത്തുകിടന്ന് ഉരുളേണ്ടിവന്നു. മന്ത്രവാദത്തിന് എത്തുന്നവരെ പരിചരിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
English Summary: Young woman alleges physical, mental torture due to black magic: Women's commission took case