ഗുസ്തിതാരങ്ങൾ പരിശീലനത്തിനായി വിദേശത്തേക്ക്; ചെലവ് കേന്ദ്രസർക്കാർ വഹിക്കും
Mail This Article
ന്യൂഡൽഹി∙ ഗുസ്‌തിതാരങ്ങൾക്ക് വിദേശത്ത് പരിശീലനത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. ഗുസ്‌തിതാരങ്ങളായ ബജ്‌രംഗ് പുനിയയും, വിനേഷ് ഫോഗട്ടുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകുക. ഇരുവർക്കും കിർഗിസ്ഥാനിലും ഹംഗറിയിലുമാകും പരിശീലനം. ഇതിനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കും. ബജ്‌റങ് ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 5 വരെ കിര്‍ഗിസ്ഥാനില്‍ പരിശീലനം നടത്തും. വിനേഷ് ആദ്യം കിര്‍ഗിസ്ഥാനിലേക്കും പിന്നീട് ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും പോകും.
ഇരുവരും നൽകിയ അപേക്ഷയിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തെന്ന് കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനമെന്നും ഇരുവരും പരിശീലനത്തിനായി ജൂലൈ ആദ്യം പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ഇരുവരും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻപ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടുള്ള സമരരംഗത്ത് സജ്ജീവമായിരുന്നു. ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ജന്തർമന്തറിൽ സമരം നടത്തിയിരുന്ന ഗുസ്തിതാരങ്ങളുമായി കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നടത്തിയ ചർച്ചയിൽ 15നു മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതെത്തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്.
English Summary: Vinesh Phogat and Bajrang Punia to headout to Kyrgystan and Hungary for International training Camps